സ്റ്റിൽ

കുട്ടൻ പോപോവിച്ച്

പകലിന് തുടക്കം കുറിച്ചപ്പോഴേക്കും യാത്രയുടെ അന്ത്യമായിയെന്ന് സൂചിപ്പിക്കുന്ന തരത്തിൽ ബസ്സിന്റെ വേഗതയ്ക്ക് ഞാൻ ചെറിയൊരു മാറ്റം ശ്രദ്ധിച്ചു.രാത്രിയുടെ തണുത്ത കാറ്റ് ചെവികൾക്ക് താങ്ങാവുന്നതിനുമപ്പുറമായത് കൊണ്ട് അടച്ചു വെച്ചിരുന്ന ഷട്ടർ, അടുത്തിരിക്കുന്ന പയ്യന്റെ സഹായത്തോട് കൂടി ഞാൻ മെല്ലെ തുറന്നു. അറിയുന്ന നഗരങ്ങളിൽ നിന്നും അറിയാത്ത ഗ്രാമങ്ങളിലേക്ക് ഒരു ക്യാമറയിക്ക് പകർത്താനാവുന്നതിനുമപ്പുറമുള്ള വേഗതയിൽ ബസ്സ്‌ ചലിക്കുന്നുണ്ടായിരുന്നു. അപരിചിതത്തം നിറച്ച് തെരുവുകളും, മനുഷ്യരും. ഒരുപക്ഷെ പരിചിതമായ സംഗതി അവിടെ ആകാശം മാത്രമായത് കൊണ്ടാവാം ഞാൻ എന്റെ കണ്ണുകളെ തെരുവിൽ നിന്നും ആകാശത്തിലേക്ക് മാറ്റി നട്ടത്.

സ്റ്റിൽ

"ഞാൻ ഇറങ്ങാണട്ടോ." പയ്യൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. എവിടെയെത്തിയെന്നോ, കണ്ടക്ടർ എന്നെ പറഞ്ഞു ധരിപ്പിച്ച എന്റെ ലക്ഷ്യസ്ഥാനത്തേക്ക് ഇനിയെത്ര ദൂരം സഞ്ചരിക്കാനുണ്ടെന്നോ യാതൊരു അറിവുമില്ലാത്ത ഞാൻ, ചെറുക്കന്റെ കൂടെയിറങ്ങി ഇനി വരുന്ന കുറച്ച് ദിവസമെങ്കിലും അവന്റെ കൂടെ കഴിഞ്ഞു കൂടിയാലോ എന്ന് ആലോചിച്ചെങ്കിലും അതിന് പറ്റാതെ പോയ ഞാൻ സീറ്റിൽ ഒന്ന് കൂടി ഒന്ന് അമർന്നിരുന്നു. സർക്കാർ ഉദ്യഗസ്ഥനെ പോലെ തോന്നിക്കും വിധം വസ്ത്രമണിഞ്ഞ മനുഷ്യൻ ബസ്സിലെ മൊത്തം സീറ്റുകളിലേക്കൊന്ന് കണ്ണോടിച്ചതിന് ശേഷം അയാൾ എന്റെ അരികിൽ വന്നിരുന്നു. തലയിലെ വെളിച്ചെണ്ണ തൊട്ട് രാവിലത്തെ ദോശ വരെ എനിക്ക് മണത്തെടുക്കുവാൻ സാധിക്കും വിധം അരികിലായിരുന്നു അയാൾ.

"എങ്ങോട്ടാ???" അയാളുടെ കറുത്ത മീശയ്ക്ക് താഴെയുള്ള ചുണ്ടുകൾക്ക് പതിയെ ചലനം വെച്ച് തുടങ്ങി.

"ഇവിടെ അടുത്ത് വരെ....."

"അതെന്നാ,, പോകണ സ്ഥലത്തിന്റെ പേര് അറിയാമെലെ?"

"കണ്ടക്ടർക്ക് അറിയാം...."

"അയ്ശേരി, അപ്പൊ അയാള്ടെ ആവശ്യത്തിനാണോ നിങ്ങള് പോണേ?" ഒരു മുൻപരിചയവും ഇല്ലാത്ത ഒരു മനുഷ്യന്റെ മുമ്പിൽ പരിഹാസത്തിന് വിധേയപ്പെട്ട് ദേഷ്യമോ, സങ്കടമോ, കുറ്റബോധമോ അലട്ടാതിരുന്ന എന്റെ ജീവിതത്തിലെ ഒരേയൊരു നിമിഷത്തിലൂടെയും ഞാൻ കടന്ന് പോയി.

"ഞാൻ ചെറിയൊരു ഫോട്ടോഗ്രാഫർ ആണെയ്...."

"ചെറുതെന്ന് പറഞ്ഞ എങ്ങനെയാ?? ചെറിയ ഫോട്ടോസ് എടുക്കൂന്നാണോ അതോ....."

"ഞാൻ ഇന്ദിപെഡന്റ് ഫോട്ടോഗ്രാഫറാ."  അടുത്ത പരിഹാസം മുഴുകിപ്പിക്കാൻ ഞാൻ അവസരം നൽകിയില്ല.

അയാൾ എന്റെ ബാഗിലേക്കും ശേഷം പയ്യന് കാണിച്ചു കൊടുക്കുവാനായി കയ്യിൽ പിടിച്ചിരുന്ന ക്യാമെറയിലേക്കും സൂക്ഷ്മമായിയൊന്ന് നോക്കി.

"സോണിയാണോ?"

"എങ്ങനെ?"

"ക്യാമറ സോണിയാണോ എന്ന് ചോയ്ക്കായിരുന്നേ."

"അതെ."

"എന്റെ മകന്റെ അടുത്ത് ഒന്നുണ്ട്. അത് നിക്കൊണ. നന്നായിട്ട് പടം പിടിക്കും. ഇൻസ്റ്റയിൽ അവൻ പിടിച്ച പടങ്ങൾ ഇടാനായിട്ട് വേറെ അക്കൌണ്ട് ഒക്കെ ഇണ്ടെന്ന കേട്ടെ. അവൻ എന്നോട് പറഞ്ഞോന്നില്ലാട്ടോ. അവൻ ലാസ്റ്റ് എന്നോട് മര്യായിക്ക് സംസാരിച്ചിണ്ടാവ ക്യാമറ വാങ്ങാൻ പൈസ ചോയ്ക്കനായിർന്ന്. അല്ലെ അവന്റെ പ്രശ്നല്ല, ഞാനുമന്റെ അപ്പനോട് പണ്ടിങ്ങനെ ആയിർന്ന്.മാരീട് ആണോ?" അയാളുടെ സംഭാഷണങ്ങളുടെ തുടക്കങ്ങൾക്ക് അതിന്റെ ഒടുക്കത്തെ കുറിച്ച് വലിയ ധാരണ ഇല്ലാത്തതായി തോന്നി. വാക്കിന്റെ ഒഴുക്കിൽ അർത്ഥം ഇല്ലാതാവുന്നതോ, അതോ അർത്ഥം ഒഴുകി തുടങ്ങുമ്പോൾ വാക്കുകൾ ഭിന്നിച്ച് തുടങ്ങുന്നതോ? ഏതായാലും ത്രസ്സിപ്പിക്കുന്ന ചില നിമിഷങ്ങൾക്ക് വേണ്ടി ഞാൻ അയാൾക്ക് നേരെ എന്റെ ആദ്യത്തെ ചോദ്യമെറിഞ്ഞു.

"നിങ്ങളെങ്ങോട്ടാ?"

"ഇവിടെ അടുത്തന്നെയാ. ഇനിയിപ്പോ അറിയാണോന്ന് അത്ര നിർബന്ധിണ്ടെങ്കി നീയും പോര്." അപ്പോഴേക്കും പ്രഭാത ഭക്ഷണത്തിനായി ബസ്സ്‌ ഒരു ചെറിയ ചായക്കടയിലേക്ക് ഒതുക്കിയായിരുന്നു.

അയാൾ ഒരു ചായക്കും, വിൽസിനും ഓർഡർ ചെയ്തു. ഞാൻ അന്നത്തെ ഒരു പത്രമെടുത്ത് അതിലൂടെ കണ്ണുകളോടിച്ചു തുടങ്ങിയപ്പോളാണ് അയാൾ എന്റെ നേർക്ക് എന്റെ അച്ഛന് ശേഷം മറ്റാരും ചോദിക്കാത്തൊരു ചോദ്യമെറിഞ്ഞത്.

"ഈ ക്യാമറയും തൂക്കി നടന്ന ജീവിക്കാനുള്ള വല്ലതും കിട്ടുവോടെയ്?"

"അറിയില്ല." അയാൾ വിൽസ് കത്തിച്ച് ഒന്നാഞ്ഞ് വലിച്ചതിന് ശേഷം ഒരു പുക എനിക്കായി നീട്ടി.

"ഞാൻ വലിക്കാറില്ല."

"അതെന്നാ, അറ്റാക്ക് വല്ലതും വന്നായിരുന്നോ?" ഒന്ന് കുലുങ്ങി ചിരിച്ചതിന് ശേഷം അയാൾ വിൾസിന്റെയും ചായയുടെയും എന്റെ പത്രത്തിന്റെയും പൈസ കടക്കാരന് നൽകി കൊണ്ട് വീണ്ടും ബസ്സിലെ തന്റെ പഴയെ സീറ്റിൽ തന്നെ ആസനമുറപ്പിച്ചു.

"ഇപ്പൊ ഇതും തൂക്കി പിടിച്ച് കൊണ്ട് എങ്ങോട്ടാ?" എന്റെ ക്യാമറ കയ്യിലെടുത്ത് കൊണ്ട് അയാൾ ചോദിച്ചു.

"അറിയില്ല." അയാളുടെ മുഖത്ത് ഭാവം മാറ്റമൊന്നും ഞാൻ കണ്ടില്ല. തന്റെ മുന്നിലിരിക്കുന്ന കൊച്ചു കുഞ്ഞിനെ ക്യാമറയിൽ പകർത്തുന്ന തിരക്കിലായിരുന്നു അയാൾ.

"ഞാനൊരു അബദ്ധം ചെയ്തു പോയി ചേട്ടാ."

"അബദ്ധോ???"

"അബദ്ധല്ല, എന്തോ ഒരു തെറ്റ്. ഈ മനസ്സിൽ കുത്തിണ്ടാക്കില്ലേ.... ഇതിന് മുമ്പ് എന്റെ ജീവിതത്തിൽ അങ്ങനൊന്ന് ഉണ്ടായിട്ടില്ല. അത് കൊണ്ടന്നെ ഇതിനെ മറികടക്കാൻ എനിക്കറിഞ്ഞൂടാ. സുഹൃത്തിന്റെ ഒരു ഡോക്കിമെന്ററി ആവശ്യത്തിന് അവന്റെ കൂടെ പോയതായിരുന്നു. നമ്മള് താമസിക്കുന്ന ലോഡ്ജിന്റെ നേരെ മുന്നിലൊരു വയസ്സായ സ്ത്രീ മീൻ വിക്കണുണ്ടായിരുന്ന്. ഞാൻ ക്യാമറയിലെ ഫോട്ടോസ് സെറ്റ് ചെയ്യണയിന്റെ ഇടയിൽ കുറച്ചാളുകൾ വന്ന് ആ പാവത്തിനെ കൊറേ തല്ലണത് കണ്ട്. ഞാൻ എന്റെ ക്യാമറയിൽ അതിന്റെ കൊർച്ച് സ്റ്റിൽസ് എടുത്തിട്ട് പത്രത്തിലെ കൊർച്ച് ഫ്രണ്ട്സിന് അയച്ചോടുത്ത്. സംഗതി വാർത്തയായി. കൊറേയാളുകൾ വിളിച്ച് അഭിനന്ദിക്കുയൊക്കെ ചെയ്തായിർന്ന്. ഇന്നലെയാണ് അറിഞ്ഞേ ആ സ്ത്രീ മരിച്ചെന്ന്...." ഒരുപക്ഷെ എനിക്ക് പോലും ബോധ്യമല്ലാതിരുന്ന എന്റെ യാത്രയുടെ ഉദ്ദേശത്തെ ഞാൻ അയാളിലൂടെ, അയാളുടെ ചോദങ്ങളിലൂടെ ഞാൻ കണ്ടെത്തുകയായിരുന്നു.

"തനിക്ക് ആ തള്ളെയൊന്ന് രക്ഷിച്ചൂടേടോ."ക്യാമറ തിരിച്ചു നൽകി കൊണ്ട് അയാൾ ചോദിച്ചു.

"ആ സമയം അങ്ങനെ തോന്നിയില്ല." കുറച്ച് നേരത്തേക്ക് പിന്നീട് അയാളൊന്നും ചോദിച്ചില്ല. ചോദ്യങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ എനിക്ക് അയാളോടായി ഒന്നും പറയാനുമില്ലായിരുന്നു.

"അപ്പൊ സിനിമയിലൊക്കെ കാണണ പോലെ താൻ പഴയെ ജീവിതൊക്കെ വലിച്ചെറിഞ്ഞ് പുതിയ ജീവിതം തേടി പോവാണല്ലേ??? കൊള്ളാം, എ മാൻ വിത്ത് എ ന്യൂ മിഷൻ." മറുപടി എനിക്ക് പുഞ്ചിരിയിൽ ഒതുക്കേണ്ടതായി വന്നു.

"ഞാനും തന്നെ പോലെയൊക്കെ തന്നെ ഇറങ്ങി പുറപ്പെട്ടതാ. വ്യത്യാസം എന്താന്നു വെച്ച താൻ ജീവിക്കാൻ വണ്ടി കയറി, ഞാൻ ചാവാനും...."ഞെട്ടലോടെ ഞാൻ അയാളെ ഒന്ന് നോക്കി. ഒരു വാക്കിനെ ഒരു സന്ദർഭത്തിൽ തന്നെ പല അർഥങ്ങൾ നൽകാൻ കഴിവുള്ള അയാളുടെ ശൈലിയുടെ പ്രത്യേകതയാവാം അതെന്ന് ഞാൻ എന്നെ തന്നെ ബോധിപ്പിച്ച് തുടങ്ങുമ്പോഴേക്കും കുറച്ച് കൂടി വ്യക്തമാക്കി കൊണ്ട് അയാൾ പറഞ്ഞു "ആത്മഹത്യ."

തൊട്ടടുത്ത സ്റ്റോപ്പിൽ അയാൾ ഇറങ്ങാനായി ഒരുങ്ങി.

"പോരുന്നോ, ഒരുത്തൻ ആത്മഹത്യ ചെയ്ത് ചത്ത് മലർന്ന് കിടക്കണ ഫോട്ടോ തന്നെ ആയിക്കോട്ടെ പുതിയ ജീവിതത്തിലെ ആദ്യത്തെ ഫോട്ടോ." ഒട്ടും കൂസ്സലില്ലാതെ അയാൾ പറഞ്ഞ് വെച്ചു.

"നിങ്ങൾക്ക് മരിക്കേണ്ടുന്ന സ്റ്റോപ്പ് ഇതാണോ?" അവസാനമായി ഞാൻ അയാൾക്ക് നേരെ ചോദ്യമെറിഞ്ഞു.

"അതെ, താൻ പിന്നെ ജീവിക്കാനായിട്ട് ഇറങ്ങി തിരിച്ചവനായത് കൊണ്ട് ഏത് സ്റ്റോപ്പിൽ വേണേലും ഇറങ്ങാലോ ല്ലേ??? ഭാഗ്യവാൻ."തന്റെ മുന്നിലിരിക്കുന്ന കുട്ടിക്ക് ഒരു മിഠായി നൽകി കൊണ്ട് അയാൾ ആ ബസ് സ്റ്റോപ്പിലിറങ്ങി.

Post a Comment

Previous Post Next Post