എരിവ്രചന: ഹൈറ സുൽത്താൻ

"ഫ്പ... കള്ള ഹിമാറെ.. അനക് ഞാൻ അയക്കൂറ പൊരിച്ചു തെരാടാ.. മാണെങ്കിൽ തിന്നെണീച് പൊയ്ക്കോണം... അന്നേ തീറ്റിപ്പോറ്റിക്കോളാമെന്ന് ഞമ്മളാര്ക്കും വാക്ക് കൊടുത്തീല്ല... മാണെങ്കിൽ തിന്ന്.. അല്ലെങ്കി പോയി നാളേക്കുള്ള മാവ് ആട്ടാൻ നോക്ക്...   "


കീറി ജീർണിക്കാറായ മേൽവസ്ത്രത്തിലെ തുളകൾക്കിടയിക്കൂടെ ഉന്തി നിക്കുന്ന വാരിയെല്ലുകളോട് ആജാനുബാഹുവായ ഒരു തലേകെട്ടുകാരൻ ഒച്ചവെക്കുന്നതാണെന്നു കണ്ടിരിക്കുന്നവർക് തോന്നും.. കാരണം ആ പതിനെട്ടു  വയസുകാരന്റെ ശരീരത്തിൽ പുറത്തേക്ക് കാണാൻ പാകത്തിനുള്ളത് അത് മാത്രമാണ്. 
വര്ഷങ്ങള്ക്കു മുൻപ്  തോന്നിയ ബുദ്ധിമോശം,  പത്താം ക്ലാസ് തോറ്റപ്പോ ഉപ്പാന്റെ ....കയ്യിലെന്ന് കിട്ടുന്ന ചൂരലിന്റെ ചൂട് പേടിച്... കാശികുഞ്ചി പൊട്ടിച്ചു  കിട്ടിയ ചില്ലറപൈസകളും പെരുന്നാൾക് അളിയനും മദ്രസെൽതെ വെലിയുസ്താതും നാട്ടിലെ പ്രമാണിയുമായ ഹസ്സൻകോയയും തന്ന പെരുന്നാൾ സക്കാത്തായ അഞ്ചു അൻപതിന്റെ നോട്ടും എടുത്ത് കള്ളവണ്ടി കയറി. ഭാഷപോലും അറിയാത്ത ഏതോ നാട്ടിൽ ചുവന്ന പൊടിമണ്ണ് പറക്കുന്ന,  വണ്ടികൾ ചീറിപ്പായുന്ന, എന്തിനെന്നു പോലുമറിയാതെ പരസ്പരം തല്ലുകൂടുന്ന ആൾക്കൂട്ടത്തെ നോക്കി നിശ്ചലനായി നിന്നത് ഇന്നലെ കഴിഞ്ഞത് പോലെ അവനിന്നും ഓർക്കുന്നു.. ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു... 
ഹസ്സൻകോയയേക്കാൾ വലിയ കാശുകാരനായി തിരിച്ചു ബാപ്പാന്റെ മുന്നിൽ ചെല്ലണം.. ഉപ്പക്കും ഉമ്മക്കും പെങ്ങൾക്കും ഒത്തിരി പുത്തനുടുപ്പും സമ്മാനങ്ങളും വാങ്ങണം... 
അപ്രത്തെ പൊരേൽതെ മമ്മദ്കാക്ക പേർഷ്യക് പോയി തിരിച്ചു വന്നപോലെ.. 
അങ്ങനെ അങ്ങനെ ഒരുപാട് കിനാവ് കണ്ടു കെട്ടിപ്പൊക്കിയ കൊട്ടാരം ഒറ്റ നിമിഷം കൊണ്ട് താറുമാറായി.. 

അതെ വണ്ടിക്കൂലി കയ്ച്ചു ബാക്കി കിട്ടിയ പൈസ കീശേല് തപ്പിയപ്പോ കാണാനില്ല. ഏതോ ഒരു മലയാളം പറയുന്ന മുസൽമാന്റെ ചായക്കട കണ്ടപ്പോ ധൈര്യത്തോടെ കേറി ഇരുന്ന് ഒരു ചായയും രണ്ടു പൊറോട്ടയും തിന്നു.തിന്നു തീർന്നിട്ടാണ് കീശ നോകിയെ.... കയ്ച്ച പൊറോട്ട ഒറ്റ നിമിഷം കൊണ്ട് ആവിയായിപോയി ...കൃതാവിലൂടെ വിയർപ്പുതുള്ളികൾ ചായക്ലാസിലേക്ക് ഇറ്റ് വീണു... ഊതി കുടിച്ച ചായയേക്കാൾ ചൂട് അവന്റെ അടിവയറ്റിൽ നിന്ന് തലക്കകത്തേക്ക് കയറി മൂര്ധാവിലെത്തി നിന്നു. 
മുന്നിൽ നിൽക്കുന്ന ആജാനുബാഹുവായ മനുഷ്യൻ.... തന്റെ തപ്പികളി കണ്ടിട്ടാണോ ഇടക്കിടക്ക് നിരീക്ഷിക്കുന്ന പോലെ തോന്നി... അറിയാവുന്ന സൂറത്തുകളും ദിക്‌റും ചൊല്ലി അവനയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അയാൾ തിരിച്ചൊരു നോട്ടം നോക്കി അവന്റെ അടുത്തേക്ക് ചെന്നു നിന്ന് കൈനീട്ടി . 
 റൂഹ് പിടിക്കാൻ വന്ന മലക്കിനെ പോലെ അയാളുടെ ഭീകരമായ ശരീരവും നോട്ടവും അവന്  തോന്നിപ്പിച്ചു...
തൊണ്ടക്കുഴി   വരണ്ടുണങ്ങിയ മരുഭൂമി പോലെയായിരിക്കുന്നു,  പുറത്ത് വീശുന്ന പൊടിമണ്ണ് പറ്റിപ്പിടിച്ച പോലെ ഒരു തരം മുറുക്കം അവനനുഭവപ്പെട്ടു. 

"അരെ ഭേട്ട... പൈസ ദീജിയെ.. "
അയാൾ അവന്റെ കണ്ണുകളിലേക്ക് നോക്കി രണ്ടുമൂന്നാവൃത്തി ചോദിച്ചു. 
 സ്കൂളിൽ പഠിച്ച ഹിന്ദി വാക്കുകൾ ഓരോന്നും ഈ നാട്ടിൽ കാല് കുത്തിയപ്പോൾ തൊട്ട് അവനോർമയില്ല... വെറും കയ്യോടെ അവനയാളെ നിറഞ്ഞ കണ്ണുകളാൽ നോക്കി.

"പൈസ തന്നിട്ട് പോയി ചെക്കാ... അനക് തിരിയിണില്ലേ .. "
അയാൾ അവനോട് അവന്റെ രീതിക്ക് ചോദിച്ചു... 

"ന്റെയിലുണ്ടയ്ന നൂറ്റയ്മ്പത് ഉർപ്യ കാണണില്ല... " .. അത് പറഞ്ഞു തീർത്തതും ഓന്റെ ചുണ്ടുകൾ വിതുമ്പി കണ്ണുകൾ അണപൊട്ടിയൊഴുകി.... അവസാനം അതൊരു പൊട്ടിക്കരച്ചിലിൽ അവസാനിച്ചു. 

"അരെ ബക്വാസ്... തിന്നിട്ട്... തൂറ്റാനായപ്പോ ആണോടാ... പൈസ ഇല്ലാത്തത് അറിയുന്നേ..."

ഒരിത്തിരി ദയ പോലും കാണിക്കാതെ അയാളവനെ മുന്നിൽ കണ്ട മേശയിലേക്ക് അവന്റെ തലപിടിച്ചുരച്ചു... 

"ഉമ്മാ..ഹ്... " അവന്റെ അലർച്ച കേൾക്കാനോ കാണാനോ.. എന്തിനു ഒന്ന് സഹതാപത്തോടെ നോക്കാൻ പോലും അവിടെ ഇരുന്ന് വിശപ് തീർക്കുന്നവർക്കോ റോഡിലൂടെ പോകുന്നവർക്കോ സമയമുണ്ടായിരുന്നില്ല 

" ഈ സേട്ടു... ബോംബെ കാണാനും ഇവടെ ജീവിക്കാനും തുടങ്ങീട്ട് കാലം കൊറച്ചായെടാ... പീറച്ചെക്കാ... ആ ഇന്റെ കടേലെന്നെ വന്നനക്ക് നക്കി എണീച് പോണം ലെ..? "

"സത്യായിട്ടും ഇന്റയിൽ പൈസ ണ്ടായ്നു... "

അയാളുടെ അലറിച്ചയിൽ  അവന്റെ ശബ്ദം പുറത്ത് കേട്ടില്ല.... അയാളുടെ ശിങ്കിടികളെ വിളിച്ചു ഇവനെ അവരുടെ കൈകളിൽ ഏൽപ്പിക്കുമ്പോൾ അന്ന് മുതൽ അവന്റെ ജീവിതത്തിന്റെ തുടക്കമല്ല ഒടുക്കമാണെന്ന് അവന് തിരിച്ചറിഞ്ഞില്ല... അന്നവനിട്ടു വന്ന തിളക്കമുള്ള പെരുന്നാൾ കുപ്പായം പോലും അവന്റെ കൈവശമില്ല... ഒരുപാട് അടികൊണ്ട പാടുകളും അടുക്കളയിലെ കനലിന്റെ  ചൂടേറ്റു വൃണമായി തുടങ്ങിയ മുറിവുകളുടെ നീറ്റലും, കാളുന്ന വയറും മാത്രമാണ് അവന്റെ സമ്പാദ്യം. 

പഴകിയതും പുതിയതുമായ മീൻവറുത്തതും, ഇറച്ചി റോസ്റ്റും, മൊരിഞ്ഞ പൊറോട്ടയും, മഞ്ഞിച്ച മുട്ടക്കറിയും അവന്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും ലാത്തുവാൻ തുടങ്ങീട്ട് വര്ഷങ്ങളായി... അടിമ പണി എടുക്കുന്ന കാലത്തു വിശന്നു പൊരിഞ്ഞവൻ മുന്പിലെ തീന്മേശയിൽ നിന്ന് കൊണ്ടുവന്ന എച്ചിൽ പാത്രത്തിൽ നിന്ന് കാത്തു നില്കാൻ ക്ഷമയില്ലാതെ ഒരു കോഴിക്കാൽ കയ്യിലെടുത്തു വായിലേക്ക് വെക്കുന്നത്.. കൈകഴുകാൻ പൊറത്തേക്ക് നിന്ന യാത്രക്കാർ  കണ്ട്...പണിക്കാരൻ ചെക്കൻ രുചിച്ചു നോക്കിയ എച്ചിലാണ് ഞങ്ങള്ക്ക് തരുന്നതെന്ന് വിളിച്ചു കൂവി സേട്ടുവിനെയും അയാളുടെ ധാബയെയും ഉച്ചത്തിൽ അപമാനിച്ചപ്പോൾ അന്ന് രാത്രി പൊള്ളിവീർത്തത് അവന്റെ മുതുകത്തായിരുന്നു. 
ചുട്ടുപഴുത്ത ദോശക്കല്ലിൽ അന്ന് പൊറോട്ടക്ക് പകരം വെന്തുരുകിയത് അവന്റെ ഇളം മാംസമായിരുന്നു. അന്ന് വിലക്ക് തീർത്തതാണ് അവന് അവിടുള്ള ഭക്ഷണവിഭവങ്ങൾ...ബാക്കി വരുന്നത്...  അത് അഴുകി പുഴുവരിച്ചാലും ഒരു കഷ്ണം പോലും അവന്റെ ആമാശയത്തിലെത്തരുതെന്ന് തീർത്തു പറഞ്ഞു അയാൾ.  
ഉണങ്ങിയ ചപ്പാത്തിയുടെ നാലു കഷ്ണമാണവന്റെ ഒരു നേരത്തെ ആഹാരം.. അത് തന്നെ രാത്രിയിലും... ദിവസം രണ്ടു നേരം ആ ഉണക്കചപ്പാത്തി ചൂടുവെള്ളത്തിൽ മുക്കി തിന്നുമ്പോൾ അവനെന്നും ഓർമവരുന്നത്  ഉമ്മ ഉണ്ടാക്കി തന്നിരുന്ന ചൂടുള്ള നൈസ് പത്തിരിയുംപോത്തു കറിയുമാണ്. 
റിസൾട്ട്‌ വരുന്നതിന്റെ തലേന്ന് ഇറച്ചിക്കറിക്ക് എരിവ് കൂടിയെന്ന് പറഞ്ഞു...പാത്രം നീക്കിയിറങ്ങി കോട്ടി കളിക്കാൻ പോയതിപ്പോഴും മനസിനെ കുത്തിനോവിക്കുന്നു. 

ഇപ്പോ ഉമ്മച്ചി ഉണ്ടാക്കി തെരുന്ന എരിവുള്ള ചാറിൽ മുക്കി ഒരു കഷ്ണം പത്തിരി തിന്നാൻ പൂതി ആയി ഉമ്മാ... ഉമ്മാക്ക് ഇന്നേ ഓര്മണ്ടോ... അടുക്കളയിൽ ഇന്ക് വേണ്ടിയത് വേണ്ടിയത് ഇന്റെ ഇഷ്ടത്തിന് ണ്ടാക്കി തന്ന് തടി നാശകാതെ നോക്കികൊണ്ട് വന്ന പൊന്നുമ്മ ഇന്നേ മറക്കോ..?  പെങ്ങളെ ചോറിൽന്ന്  ചെമ്മീൻചമ്മന്തി  ഓള് കാണാതെ കട്ട് തിന്നുമ്പോ കിട്ടിയ മുളകിന്റെ എരിവ് ഇപ്പോളും നാവിലും ഒപ്പം കണ്ണുകളിലും വെള്ളം നിറക്കുന്നു. എല്ലാർക്കും ഇന്നോട് ദേഷ്യായ്കും..ജീവിതത്തിൽ വയറുവിശക്കുമ്പോ ഓരോരോ അടുക്കളയിൽ നിന്നും വരുന്ന കഞ്ഞിവെള്ളം തൂമിച്ചതിന്റെ മണം പോലും വളരെ വിലപെട്ടതാണെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു. അന്നുപ്പന്റെ രണ്ടടി പേടിച് ചെയ്തതിന്റെ ഫലമാണ് ഞാനിന്നീ അടുക്കളയിൽ എരിഞ്ഞു തീർക്കുന്ന ഓരോ നിമിഷവും.. 

മതിയായി.... ഇനി വയ്യ....
ഒരു ദൃഢനിശ്ചയത്തോടെ അവനവിടുന്നേറ്റു... 
അന്ന് പതിവിലും നേരത്തെ ഉന്മേഷത്തോടെ അവന്റെ പണികൾ ഓരോന്നും തീർത്തു. കറുത്ത് പുക പിടിച്ച അടുക്കളതിണ്ടവൻ മിനുക്കി തുടച്ചു. സേട്ടുവിനും പണിക്കാർക്കും നടുവിലൂടെ അവനോടി നടന്നു പണികൾ തീർത്തു. എല്ലാവരും അന്നവനെ തന്നെ നിരീക്ഷിച്ചു. 
എല്ലാം കഴിഞ്ഞു വെക്കലും വിളമ്പലും കൊടുക്കലും കഴുകലും ഒക്കെ തീർത്തു. രാത്രി ഒരു ഗസലിന്റെ മറവിൽ ധാബയുടെ പിറകിൽ വഴിയോര കാഴ്ചകൾ നോക്കി, സിഗരറ്റും പുകച്ചുകൊണ്ട് കിടക്കുന്ന സേട്ടുവിനെ അവനെത്തിനോക്കി. 
ഉടനെ കരിപിടിച്ച ചെമ്പിൽ ഒരുഗ്ലാസ്സ് വെള്ളം തളപ്പിച്ചു അല്പം ചായപൊടിയും ശർക്കരയും ഇട്ടിളക്കി ചില്ലു ഗ്ലാസിലേക്ക് വാങ്ങിവെച്ചു .  പച്ചക്കറി കൊട്ടയിൽ നിന്ന് ഒരു ചെറുനാരങ്ങാ എടുത്ത് കീറി കുരുകളഞ്ഞതിൽ പിഴിഞ്ഞ് തീർത്തു. സ്പൂണിട്ടിളക്കി അവനതിനെ രുചിച്ചു നോക്കാതെ ഒരു പുഞ്ചിരിയുമായി സേട്ടുവിനെ ലക്ഷ്യമാക്കി നടന്നു. 
 അയാളുടെ അടുത്തെത്തിയതും അവനൊന്നു മുരണ്ടു. 

"എന്തെടാ.. പീറകള്ളാ... ഒറക്കൊന്നുല്ലേ...?  "

വന്ന അന്ന് മുതൽ അയാൾക് ഞാൻ പീറക്കള്ളനാണ്. പൊറോട്ട കട്ട് തിന്നാൻ വന്നവൻ. ആ വിളി എനിക്ക് ഇപ്പോൾ ശീലമാണ്. 

"സുലൈമാനി.. "

"പതിവില്ലാതെ എന്താ.. ഒരു സുലൈമാനി..? "

"ഇന്ക് ഇന്റെ പോരേൽ പോകണം.. ഇത് വരെയുള്ള ശമ്പളം തന്നാൽ..... "


"ഏഹ്.....ഹ. ഹ.. ഹ.. ശ.. ശ...ശമ്പള.. ശമ്പളോ...... ഹ...... ഹ.. ""


അയാൾ വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു.. കൈയിലുള്ള സുലൈമാനി അയാൾ മുറുക്കി കുടിക്കുകയും അവനെ കളിയാക്കുകയും ചെയ്തു കൊണ്ടേയിരുന്നു.... 

"എടാ.... പതിവില്ലാത്തോണ്ടാണോ... അതോ ഇത്രേം വലിയ തമാശ കേട്ടോണ്ടാണോ.. സുലൈമാനിക്ക് ഒരു എരിച്ചിൽ... ന്തായാലും...ശബാഷ്.... ശബാഷ്..  നൗകർ... ഹ ഹ.. ഹ.... "

അയാൾ ഇരുന്നിടത്തു നിന്നെണീറ്റു അവനെ വേദനിപ്പിച്ചോണ്ട് ചേർത്ത് പിടിച്ചു.... 

"അതിനന്നെ ഞാൻ എപ്പളാ പണിക്ക് നിർത്തിയെ... ഇത്രേം കാലം പണിയെടുത്ത കൂലി ആണേൽ...അന്നേയീ അധോലോകത് പരിക്ക് പറ്റാതെ ജീവനോടെ നിർത്തിയതിനുള്ള കൂലി ആയി കണ്ട മതി... അപ്പോ ഇന്ക് ഇങ്ങോട്ട് ബാക്കി ഉണ്ടാകും ഇനീം ബാക്കി അറിയോ.. അനക്... ഹ്... ഹ.. "


അത്രയും പറഞ്ഞു തീർത്തതും അയാളവന്റെ മേലുള്ള പിടി വിട്ടു . ഒരു തരം കിതപ്പോടെ അയാൾ കസേരയിൽ ചെന്നിരുന്നു... 

"...ഡാ പീറക്കള്ളാ... കൊറച്ചു വെള്ളം... താ നീ.... ഇൻക്കെന്തോ.. പോലെ.. "

അവന്നൊരക്ഷരം മിണ്ടാതെ അയാളെ പിടിച്ചെഴുന്നേപിച്ചു.. ധാബയുടെ അടുക്കള ലക്ഷ്യമാക്കി നടന്നു... 

"നീയെങ്ങോട്ടാടാ ന്നേ കൊണ്ടോകുന്നെ...?  "

അയാളുടെ വലിയ ശരീരം താങ്ങിക്കൊണ്ടവൻ  മൗനം പാലിച്ചു കൊണ്ട് വീണ്ടും മുന്പോട്ട് നടന്നു..അയാളും ശരീരം തളർന്നു കൊണ്ട് അവനെ താങ്ങി നടന്നു..... 
"അരെ... പീറക്കള്ളാ..... പൈസ ദീജിയെ.... "

.... ധാബയിലെ പണിക്കാരൻ  പയ്യൻ ഏതോ ഒരു ചെറുക്കനോട് കനത്തിലൊച്ചയെടുക്കുന്ന കേട്ടാണവൻ തിരിഞ്ഞു നോക്കിയെ..... ആ വിളി ഒരുപാട് കേട്ട് പഴകിയതാണല്ലോ.... ഇന്നവൻ ഒരുപാട് മാറിയിരിക്കുന്നു, ഇന്നവിടെത്തെ സേട്ടു അവനാണ്.. വർഷം പലതു കഴിഞ്ഞു. നാടിനും നാട്ടുകര്കും മാറ്റമില്ല.. അവരെന്തിനോ വേണ്ടി പായുന്നു... അവർക്കു വേണ്ടി ഇവിടെത്തെ അടുക്കള പുകയുന്നു. 


"ക്യാ.. ഹെ... ഭായ്‌... "? 

സേട്ടു  അവരുടെ അടുത്തേക്ക് ചെന്നു... 


"ഇവൻ തിന്നിട്ട് കാശില്ലാന്ന്.. കള്ളനാണ്.. സേട്ടു ഇവൻ ... " ഇത്രയും പറഞ്ഞു കഴിഞ്ഞതും ആ പന്ത്രണ്ടു വയസുകാരന്റെ കഴുത്തിനു പിടിക്കാനായി പണിക്കാരൻ  കയ്യുയർത്തി കഴിഞ്ഞിരുന്നു. 

പക്ഷെ ഉടൻതന്നെ ആ കൈക്ക്പിടിച്ച് താഴ്ത്തി കൊണ്ടവൻ  അരുതെന്ന് തലയാട്ടി... 

സേട്ടുവിന്റെ നോട്ടത്തിന്റെ തീക്ഷ്ണത കൊണ്ടാകണം പണിക്കാരൻ അല്പം പിന്നോട്ട് നീങ്ങിയത്... 

കണ്ണ് നിറഞ്ഞു ചുണ്ടുകൾ വിതുമ്പി കൃതാവിലൂടെ വിയർപൊലിച്ചു വീഴുന്ന മുഖം കൈകള്കൊണ്ടുയർത്തി കൊണ്ടവൻ ആ പന്ത്രണ്ടു വയസുകാരനെ അവൻ ചേർത്ത് നിർത്തി.... 

"ഇനിയൊരു പീറക്കള്ളനും സുലൈമാനിയിൽ എരിവുള്ള വിഷം കലർത്തിക്കൂടാ... അടുക്കളയിൽ വിഭവങ്ങളാണുണ്ടാകേണ്ടത്... അത് വിഷം കലർന്നതാകരുത്...ഇനിയൊരു സേട്ടുവും എരിവുള്ള സുലൈമാനി കുടിച്ചുകൂടാ.. ഇനിയൊരു ബാല്യവും ഇവിടെത്തെ അടുക്കളയിൽ എരിഞ്ഞു കൂടാ..  "(അവന്റെ ആത്മഗതം )

അവരിരുവരും ധാബയുടെ അടുക്കളയിലേക്ക് നടന്നു.... നല്ല എരിവുള്ള നൈസ് പത്തിരിയുടെയും കോഴിക്കറിയുടെയും മണം പിടിച്ചു കൊണ്ട്.... 

Post a Comment

Previous Post Next Post