വിവരണം: ആഷിഖ് പടിക്കല്‍
'നിന്റെ മനസ്സെവിടെയാണോ അവിടെത്തന്നെയാണ് നീ തേടുന്ന നിധിയും''-ആല്‍ക്കെമിസ്റ്റ്(പൗ ലോ കൊയ്ലോ)
പ്രസിദ്ധ ബ്രസീലിയന്‍ സാഹിത്യകാരന് പൗലോ കൊയ്ലോയുടെ വിശ്വവിഖ്യാത കൃതിയായ ആല്‍ക്കെമിസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ് .....
''അവന്(സാന്റിയാഗോ) ആ പഴയ പള്ളിമുറ്റത്തേക്ക് മടങ്ങിയെത്തി. എത്രയോ കാലങ്ങളായി ജീര്‍ണ്ണിച്ചു കിടക്കുന്ന പള്ളി. സന്ധ്യ മയങ്ങാന്‍ തുടങ്ങിയ നേരം സാക്രസ്റ്റിയുടെ സ്ഥാനത്ത് നിന്നിരുന്ന സൈക്കമോര്‍ മരം അവിടെത്തന്നെയുണ്ടായിരുന്നു.പകു തി പൊളിഞ്ഞു വീണുകഴിഞ്ഞ മേല്‍ക്കൂരയില്‍ക്കൂടി നക്ഷത്രങ്ങളെ കാണാം............ആ കാറ്റിലൂടെ അവന്റെ അരികിലേക്ക് അലയടിച്ചെത്തിയത് അവന് നന്നേ പരിചയമുള്ളൊരു സുഗന്ധമായിരുന്നു. പിന്നെ ഒരു ചുംബനത്തിന്റെ തൂവല്സ്പര്ശവും ......അകലെയകലെ നിന്ന് മെല്ലെ മെല്ലെ വന്ന് അവന്റെ ചുണ്ടുകളില്‍ പറ്റിച്ചേര്‍ന്നൊരു ചുംബനം....അവളുടെ ആദ്യത്തെ ചുംബനം!.സ്വയം അറിയാതെ അവന്റെ ചുണ്ടുകളില്‍ ഒരു ചിരി വിടര്‍ന്നു.അവന് ഉറക്കെ വിളിച്ചു പറഞ്ഞു
''ഫാത്തിമാ ദാ ഞാന്‍ വരികയായി''......
സാന്റിയാഗോ എന്ന ഇടയബാലന് താന്‍ സ്വപ്നം കണ്ട നിധിയന്വേഷിച്ചു നടത്തുന്ന യാത്രയാണ് ആല്‍ക്കെമിസ്റ്റ് നോവല്‍ പറയുന്നത്.ഒടുവില്‍ സാന്റിയാഗോ യാത്ര തുടങ്ങിയ പള്ളിമുറ്റത്ത് തന്നെയാണ് അവന് അന്വേഷിക്കുന്ന നിധിയും എന്ന് തിരിച്ചറിയുന്നതോടെയാണ് നോവല്‍ അവസാനിക്കുന്നത്....
മനുഷ്യന് അവന്റെ ആത്മാവിലേക്കു നടത്തുന്ന തീര്‍ത്ഥയാത്രയാണ് ആല്‍ക്കെമിസ്റ്റ്....
'സൂഫിയും സുജാതയും' സിനിമ കണ്ടപ്പോള്‍ മനസ്സില്‍ തെളിഞ്ഞു വന്ന ചിത്രം ആല്ക്കെമിസ്റ്റിന്റേതായിരുന് നു....
'ആല്‍ക്കെമിസ്റ്റ്' നോവല്‍ അവസാനിക്കുന്നിടത്താണ് 'സൂഫിയും സുജാതയും' സിനിമ ആരംഭിക്കുന്നത്.....
ഇവിടെ സാന്റിയാഗോ സൂഫിയായും ഫാത്തിമ സുജാതയായും പരിണമിക്കുന്നു...സാന്റിയാഗോയു ടെ പള്ളി സൂഫിയുടെ ജിന്ന് പള്ളിയാകുമ്പോള്‍ സൈക്കമോര്‍ മരം അബൂബ് ഉസ്താദ് നട്ട ഞാവല്‍ മരത്തിന്റെ ഭാവത്തിലേക്ക് മാറുന്നു....ഫാത്തിമയുടെ തൂവല്‍സ്പര്‍ശം പോലുള്ള ചുംബനം സാന്റിയാഗോയുടെ ചുണ്ടില്‍ പതിക്കുമ്പോള്‍ സിനിമയില്‍ തൂവലുപോലെ ഒരില എല്ലായിടവും സ്പര്‍ശിച്ച് പുഴയുടെ ചുണ്ടില്‍ ഒരു ചുംബനമായി അലിഞ്ഞു ചേരുന്നു.....
അടുത്ത കാലത്തായി മലയാളത്തില്‍ 'ആല്‍ക്കെമിസ്റ്റി'ന്റെ പശ്ചാത്തലത്തില്‍ മൂന്ന് സിനിമകള്‍ വന്നിട്ടുണ്ട്...അതിലെ മൂന്നാമത്തെ ചിത്രമാണ് 'സൂഫിയും സുജാതയും'. കുഞ്ചാക്കോ ബോബന് നായകനായ 'കൊച്ചപ്പ പൗലോ അയ്യപ്പ കൊയ്ലോ' , ഫഹദ് ഫാസില്‍ നായകനായ വേണു ചിത്രം 'കാര്‍ബണ്‍' എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങള്‍ .....
റൂഹും നൂറും
==============
''പ്രണയമെന്നത് പൂര്‍ണ്ണമാകുന്നത് നാം അത്രമേല്‍ അര്‍പ്പണബോധത്തോടെ മറ്റൊരാളില്‍ വേരോടാന്‍ ആഗ്രഹിക്കുന്ന തീവ്രാനുഭൂതിയിലത്രേ, മരത്തിന്റെ വേരുകള്‍ ഭൂമിയില്‍ ആഴുന്ന പോലെ പ്രണയം പൂര്‍ണ്ണമായ തന്മയീഭാവം പേറുന്നു, ഒന്നില്ലാതെ ഒന്നില്ലെന്ന പോലെ.ആയതിനാല്‍ നിങ്ങളില്‍ നിങ്ങള്‍ ഇല്ലാതാവുന്ന സമയം എന്നില്‍ ഞാനും ഇല്ലാതാവുന്നു''
-വിപിന്‍ ദാസ്
സൂഫി സുജാതയുടെ കൈപിടിക്കുമ്പോള്‍ അവളുടെ കറുത്ത കുപ്പിവളകള്‍ പൊട്ടിപോകുന്നുണ്ട്.
അവനത് തന്റെ ഉള്ളംകയ്യില്‍ സൂക്ഷിച്ചു വെക്കുന്നു. അവളത് തിരിച്ചു ചോദിക്കുന്നില്ല. അവനോടത് ഉപേക്ഷിക്കാന്‍ പറഞ്ഞതുമില്ല. കാരണം ആ കുപ്പിവളകള്‍ അവളുടെ റൂഹാണ്. സുജാത നടന്നകലുമ്പോള്‍ സൂഫി തന്റെ ഇടതു ഭാഗത്തുള്ള കീശയിലേക്ക് ആ കുപ്പിവളകള്‍ നിക്ഷേപിക്കുന്നു.തന്റെ ഹൃദയത്തിലേക്ക് അവളുടെ ആത്മാവിനെ നിറക്കുന്നതു പോലെ.ശബ്ദവും വാക്കുകളുടെ ഭാഷയും അപ്രസക്തമാകുന്ന സന്ദര്‍ഭം.പ്രണയം കൈമാറാന്‍ കണ്ണുകള്‍ തന്നെ ധാരാളമായി തോന്നുന്ന നിമിഷങ്ങള്‍.
സാന്റിയാഗോ ഫാത്തിമയെ കണ്ടുമുട്ടുന്ന നിമിഷത്തെ ആല്‍ക്കെമിസ്റ്റില്‍ ഇങ്ങനെ കുറിച്ചിടുന്നു...
ഒരു നിമിഷം കാലം അവന്റെ മുമ്പില്‍ മരവിച്ചു നിന്നതുപോലെ..
പ്രപഞ്ചാത്മാവ് അവന്റെ ഉള്ളില്‍ നിന്ന് മുന്നോട്ടാഞ്ഞ് കുതിക്കുന്നതു പോലെ.ആ കണ്ണുകളിലേക്കവന്‍ ഉറ്റുനോക്കിക്കൊണ്ടു നില്‍ക്കവെ അവളുടെ ചുണ്ടുകള്‍ മെല്ലെയൊന്ന് ചലിച്ചു. മൗനമല്ല എന്നാല്‍ പുഞ്ചിരി എന്നു പറയാനും വയ്യ. അവനു തോന്നി.,ആരും എവിടെയും എപ്പോഴും മനസ്സിലാക്കുന്ന സാര്‍വ്വലൗകികമായ ആ ഭാഷയുടെ ഏറ്റവും പ്രധാനപ്പെട്ട അംശമാണിത്.മനസ്സില്‍ മുളപൊട്ടുന്ന ഈ ഭാഷ....പ്രേമം...അതിന് മനുഷ്യ ചരിത്രത്തേക്കാള്‍ പഴക്കമുണ്ട്. രണ്ടു ജോടി കണ്ണുകള്‍ പരസ്പരം ഇടയുമ്പോള്‍ മനസ്സിലുരുത്തിരിയുന്ന ഭാഷ...ഒന്നും മിണ്ടിയില്ല,പറഞ്ഞുമില്ല എന്നിട്ടും അവനു തീര്‍ച്ച തോന്നി അവളുടെ മനസ്സും മന്ത്രിക്കുന്നത് അതേ വാക്കുകളാണെന്ന്.
ജലാലുദ്ധീന്‍ റൂമി എഴുതി 'ഞാനും നീയും ഒരിടത്ത് ഒപ്പമിരുന്ന് സ്നേഹ സല്ലാപം നടത്തിയത് എത്രമേല്‍ നിര്‍വൃതി. രണ്ട് ഭാവങ്ങള്‍ ഒരൊറ്റ ആത്മാവ്'
സൂഫിയുടെ കാലിലുള്ള റൂഹിനെ അവന് തന്ന ചോരച്ചുവപ്പുള്ള മൈലഞ്ചി ഇട്ട കൈകളാല്‍ തൊടുന്നുണ്ട് സുജാത.അവള് പോകാന്‍ തുടങ്ങുമ്പോള്‍ അവന് പറയുന്നുണ്ട് പോകരുത് ...നിങ്ങളെ കാണുമ്പോള്‍ എന്തൊരു സന്തോഷമാണെന്നോ എന്ന്...
തന്റെ പെരുവിരലില്‍ ആത്മാവിനേയും വഹിച്ച് സകലകലകളുടേയും തോഴനായി നാടുചുറ്റുന്ന സൂഫി താന്‍ തേടിക്കൊണ്ടിരിക്കുന്ന മോക്ഷത്തെ കണ്ടെത്തുന്നത് സുജാതയുടെ കണ്ണുകളിലാണ്.നൂറിനെ തേടിയുള്ള റൂഹിന്റെ യാത്ര അവസാനിച്ചത് ആ കണ്തടങ്ങളിലാണല്ലൊ....അതുകൊണ് ടല്ലെ നിന്റെ മോക്ഷവും മുക്തിയും ഞാനാകുന്നു എന്ന് സൂഫിക്ക് സുജാതയോട് പറയാനാകുന്നത്....
സാന്റിയാഗോ തുടരുകയാണ്......
നഗരത്തിലെ തിരക്കിലായാലും മരുഭൂമിയുടെ നടുവിലായാലും തന്നെമാത്രം കാത്തിരിക്കുന്ന ആ ഒരാളെ കണ്ടെത്തുക തന്നെ ചെയ്യും....അങ്ങനെ വിധിയാല്‍ ഇണക്കപ്പെട്ടു കഴിഞ്ഞ രണ്ടുപേര്‍ കൂട്ടിമുട്ടുമ്പോള്‍ ഭൂതവും ഭാവിയും പുറംതള്ളപ്പെടുന്നു.
ഹൃദയത്തില്‍ പ്രണയമുണര്ത്തുന്നതും ഓരോ വ്യക്തിയിലും രണ്ടാത്മാക്കളെ സൃഷ്ടിച്ചു വെക്കുന്നതും ഒരേ കൈകളാണ്...ഒരാത്മാവ് തന്റേതു തന്നെ. രണ്ടാമത്തേത് താന്‍ അന്വേഷിച്ച് കണ്ടെത്തേണ്ടതും...രണ്ടും കൂടി ചേരുമ്പോഴേ സ്വപ്നങ്ങള്‍ അര്‍ത്ഥവത്താകൂ....
ഇവിടെയെത്തും മുമ്പ് ലോകം മുഴുവന്‍ ചുറ്റിക്കാണാന്‍ ആഗ്രഹിച്ച ഒരാട്ടിടയനായിരുന്നു താന്‍...ഇനിയും ഒരിടയനായിത്തന്നെ കാലം കഴിക്കാം...സ്വപ്നത്തിലൂടെ തനിക്ക് ദര്‍ശനം കിട്ടിയ താന്‍ തേടിയിറങ്ങിയ എങ്ങോ കിടക്കുന്ന ആ നിധിയേക്കാള്‍ എത്രയോ വിലയുറ്റതാണ് തന്റെ മുമ്പില്‍ നില്ക്കുന്ന ഫാത്തിമ.
സൂഫി കണ്ടെത്തിയതു പോലെ ഇവിടെ സാന്റിയാഗോയും കണ്ടെത്തുകയാണ് തന്റെ റൂഹില്‍ കൊളുത്തി വെക്കാനുള്ള നൂറിനെ.
സംഗീതം
==========
''പരമസ്വതന്ത്രമായ സംഗീതം അഴികള്‍ക്കും വലകള്ക്കുമിടയിലൂടെ വന്നെത്തുന്നില്ല'' -ഖലീല്‍ ജിബ്രാന്(പ്രവാചകന്)
മരണം അനക്കമറ്റ നിദ്രയാകുന്നു.ഉറക്കമെന്നത് പാതിമരണത്തിന് തുല്ല്യവും.മരണ തുല്ല്യമായ ഗാഢ നിദ്രക്ക് ശേഷമുള്ള മനുഷ്യന്റെ ഓരോ ഉണര്‍ച്ചയും ഓരോ പുനര്‍ജന്മമാകുന്നു.
സുബ്ഹി ബാങ്ക് പ്രഭാതത്തിന്റെ വിളിയാണ്.ആരുഷി(പ്രഭാത കിരണം) ഭൂമിയിലെത്തുന്നതിന് മുമ്പേ ഉറങ്ങുന്ന ആത്മാവുകളെ വിളിച്ചുണര്‍ത്തുന്ന നൂറുള്ള ശബ്ദം...
സൂഫിയുടെ അതിമനോഹരമായ ബാങ്കു കേള്‍ക്കാന്‍ അഴികളും വലകളും അതിരിടാത്ത തന്റെ ജനലുകള്‍ സുജാത തുറന്നിടുന്നു കൂടെ അവളുടെ ആത്മാവിന്റെ കവാടവും.ആ കവാടത്തിലൂടെ സൂഫി എന്ന കടല്‍ ഒരു തുള്ളിയായി അവളില്‍ വന്നു ചേരുന്നു.
അവന്റെ സംഗീത സാന്ദ്രമായ ശബ്ദത്തെ തന്നിലേക്ക് ആവാഹിച്ച് മിഴികളിലും കൈമുദ്രകളിലും അവള് അരുണോദയങ്ങളെ സൃഷ്ടിച്ചു കൊണ്ടേയിരുന്നു....
സൂഫിയുടെ ബാങ്ക് കേള്‍ക്കുമ്പോള്‍ മറ്റൊരു മനോഹരമായ ബാങ്ക് വിളിയുടെ ശബ്ദം കൂടി നമ്മുടെ ഓര്‍മ്മകളില്‍ ഓടക്കുഴലൂതിയെത്തും...ലോകചരിത് രത്തില്‍ ആദ്യമായി ബാങ്ക് വിളിച്ച ബിലാല്‍ ഇബ്നു റബാഹയുടെ ശബ്ദ വീചികള്‍ അവിടെ നമുക്ക് കേള്‍ക്കാം. എത്യോപ്യയില്‍ ജനിച്ച് അടിമയായി ജീവിക്കേണ്ടി വന്ന വ്യക്തിയാണ് ബിലാല്‍. കറുത്ത വര്‍ഗ്ഗക്കാരനായ ബിലാലിന്റെ സുന്ദര ശബ്ദത്തിനൊപ്പം ഇന്ന് നമ്മുടെ കാതുകളില്‍ കേള്‍ക്കുന്ന മറ്റൊരു ശബ്ദം കൂടിയുണ്ട്. ജോര്‍ജ്ജ് ഫ്ലോയിഡിന്റെ എനിക്ക് ശ്വാസം മുട്ടുന്നു എന്ന ആര്‍ത്തനാദം.തൊലി കറുത്തതിന്റെ പേരില്‍ കൊല്ലപ്പെട്ടവന്റെ ശബ്ദം കേള്‍ക്കാന്‍ കൊട്ടിയടക്കപ്പെട്ട കാതുകള്‍ക്കു കൂടി കഴിയട്ടെ.
സാന്റിയാഗോ വീണ്ടും തുടരുന്നു....
സ്നേഹിക്കപ്പെടുന്നു എന്ന ബോധമുണ്ടായാല്‍ മതി പിന്നെ ചെയ്യാന്‍ വയ്യാത്തതായി ഒന്നുമില്ല എന്ന നിലയിലെത്തും....സ്നേഹിക്കപ്പെ ടാന്‍ തുടങ്ങുന്നതോടെ അപ്പുറത്ത് എന്ത് സംഭവിക്കുന്നു എന്നാലോചിച്ച് വിഷമിക്കേണ്ടി വരില്ല.ഒക്കെ താന്‍ തന്നെ തന്റെയുള്ളില്‍ത്തന്നെ എന്ന തോന്നലുളവാകുന്നു. രണ്ട് എന്നില്ല ഒന്നേ ഒന്നുമാത്രം. മനുഷ്യന് കാറ്റായി മാറാന്‍ കൂടി പ്രയാസമുണ്ടാവില്ല.അതിന് കാറ്റിന്റെ പിന്തുണ വേണമെന്നു മാത്രം.കാറ്റു പോലെ വട്ടം വെച്ച് കണ്ണിടയില്‍ മുത്തം വെച്ച് ശ്വാസമാകെ തേന്‍ നിറച്ച് സൂഫിയെന്ന റൂഹും സുജാതയെന്ന നൂറും ഇവിടെ ബഷീറിന്റെ ഒന്നായി മാറുന്നു ഇമ്മിണി ബെല്ല്യ ഒന്ന്.
ഒരിക്കല്‍ ബന്ധിതമായ കണികകളെ എളുപ്പത്തില്‍ വേര്‍പ്പെടുത്താനാവില്ല എന്നാണ് ഭൗതിക ശാസ്ത്രം പറയുന്നത്.കണികകള്‍ക്കിടയില്‍ നീണ്ടു നില്ക്കുന്ന ഊര്‍ജ പ്രവാഹവും വളരെയധികം പ്രധാന്യം അര്‍ഹിക്കുന്നു.
എല്ലാറ്റിന്റേയും സത്ത ചലനത്തിലും പരിണാമത്തിലുമാണ് നിലകൊള്ളുന്നത്.
ആത്മാവും പ്രകാശവും ഊര്‍ജങ്ങളാണ്. ഊര്‍ജം നിര്‍മ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ലല്ലോ രൂപം മാറ്റാം എന്നു മാത്രം. റൂഹ് നൂറിനെ തേടുമ്പോള്‍ ഉണ്ടാകുന്നത് വിഭജനം സാധ്യമല്ലാത്ത രണ്ട് ഊര്‍ജങ്ങളുടെ ഒത്തു ചേരലാണ്.
ശിവപാര്‍വ്വതിമാര്‍ ലയിച്ചു ചേര്‍ന്ന് അര്‍ദ്ധനാരീശ്വരം പ്രാപിക്കുന്നതു പോലെ....
ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ സമന്വയമായി പറയുന്ന കഥക് നൃത്തമാണ് സുജാത കളിക്കുന്നത്.സൂഫിയുടെ ബാങ്കിനൊപ്പിച്ച് അവള് ചുവട് വെക്കുമ്പോള്‍ തുര്‍ക്കിയില്‍ ഉദയം ചെയ്ത സൂഫി നൃത്തമായ മെവല്വി സെമയുടെ കേരളീയ ആവിഷ്കാരമായി അത് മാറുന്നു.
സൂഫി ബാങ്കിലൂടെ ഹയ്യാലസ്സലാത്ത്(പ്രാര്‍ത്ഥനയി ലേക്ക് വരൂ) എന്ന് വിളിക്കുമ്പോള്‍ സുജാത കേള്‍ക്കുന്നത് 'വരൂ നമുക്കൊന്നാവാം' എന്നാണ്. അസ്സലാത്തു ഖൈറും മിനന്നഊം(ഉറക്കത്തേക്കാള്‍ നല്ലത് പ്രാര്‍ത്ഥനയാണ്) എന്ന വാക്കുകള്‍ അവളുടെ കാതില്‍ തേന്മഴയായി പെയ്യുന്നത് ''ഉണരൂ എന്റെ അരികില്‍ വന്നിരിക്കൂ' എന്ന ആഗ്രഹത്തോടെയുള്ള വിളിയായാണ്...സൂഫി ഗുരുക്കന്മാര് പറഞ്ഞ അനല്‍ ഹഖും(നീ സത്യമാകുന്നു) സന്ന്യാസിമാര്‍ കൈമാറിയ തത്ത്വമസി(അതു നീയാകുന്നു)യും ഇവിടെ വേര്‍തിരിച്ചറിയാനാവാത്ത വിധം ഏകമായി മാറുന്നു.
ഭാഷ
===========
''റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കിയത് ''
ഓരോ പുരുഷനിലും ഒരു സ്ത്രീയുണ്ട്.ഒരു സ്ത്രീയില്‍ പുരുഷനും. തന്റെ ഉള്ളില്‍ അടങ്ങിയിട്ടുള്ള അറിവിനെക്കുറിച്ച് ഒരാള്‍ കൃത്യമായ രീതിയില്‍ ബോധവാനായിരിക്കണം. ഏതൊരു മനുഷ്യനും തന്റെ ജീവിത യാത്രക്കിടയില്‍ പഠിക്കേണ്ടതായ രണ്ട് ഭാഷകളുണ്ട്.
ഒന്നാമത്തേത് സമൂഹത്തിന്റെ ഭാഷയാണ്.രണ്ടാമത്തേത് അടയാളങ്ങളുടെ ഭാഷയും.സമൂഹ ഭാഷയിലൂടെ ഒരാള്‍ക്ക് മറ്റുള്ളവരുമായി സംവദിക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്നു.അടയാളങ്ങളുടെ ഭാഷ അഥവാ ചിഹ്ന ഭാഷ ആ വ്യക്തിയെ പ്രപഞ്ച രഹസ്യങ്ങള്‍ തിരിച്ചറിയാന്‍ പ്രാപ്തനാക്കുന്നു.
മനുഷ്യന്റെ ജീവിതയാത്ര തന്നെ ആനന്ദത്തിന്റെ ഉറവിടം അന്വേഷിച്ചുള്ളതാണ്.അവനവന്റെ ആനന്ദത്തേയാണ് ഒരാള്‍ തേടേണ്ടത് മറ്റുള്ളവര്‍ ഉപദേശിച്ചു തരുന്നതിനേയല്ല.നീ തേടുന്നത് നിന്നെയും തേടുന്നു എന്ന് റൂമി പറഞ്ഞിട്ടുണ്ട്.
പതിനാറു വയസ്സുവരെ സാന്റിയാഗോ ഒരു സെമിനാരിയില്‍ പഠിച്ചിരുന്നു.ഒരു പുരോഹിതന്റെ കീഴില്‍ ലാറ്റിനും സ്പാനിഷും ദൈവശാസ്ത്രവും അവന് പഠിച്ചു. ദൈവത്തെ അറിയുന്നതിലും മനുഷ്യപാപങ്ങളെപറ്റി പഠിക്കുന്നതിലും നല്ലത് ലോകത്തെ അറിയുന്നതാണ് എന്ന തിരിച്ചറിവാണ് സാന്റിയാഗോ സെമിനാരി വിടാന്‍ കാരണമായത്.അവന് പുസ്തകങ്ങളെ ഉപേക്ഷിച്ചില്ല. പുസ്തകങ്ങളായിരുന്നു സാന്റിയാഗോയുടെ ആദ്യത്തെ വഴികാട്ടികള്‍.
സ്പെയിനിലെ ഒരു ഗ്രാമത്തില്‍ ഇടയന്മാരും അവരുടെ ആടുകളും വിശ്രമിക്കുന്ന ഒരു പള്ളിമുറ്റത്തു നിന്നാണ് സാന്റിയാഗോ തന്റെ യാത്ര തുടങ്ങുന്നത്.താന്‍ കണ്ട സ്വപ്നത്തിലെ നിധിപേടകവും തേടിക്കൊണ്ടുള്ള അവന്റെ യാത്ര ഈജിപതിലെ പിരമിഡുകളുടെ ആഴങ്ങളില്‍ വരെ എത്തിച്ചേര്‍ന്നു.ആ യാത്രയിലൂടെയാണ് തുടങ്ങിയ ഇടത്തു തന്നെയാണ് നിധി എന്ന് അവനറിയുന്നത്.അവന്റെ യാത്ര വ്യര്‍ത്ഥമായിരുന്നില്ല. സഞ്ചരിക്കുന്നവര്‍ ഒരിക്കലും ഇരുട്ടിലാവുന്നില്ല.സാന്റിയാഗോ യുടെ യാത്രയാണ് അവന് നേടിയ ഏറ്റവും വലിയ നിധി.അതിലൂടെയാണ് കുറച്ചു പുസ്തകങ്ങള്‍ മാത്രം വായിച്ച, ആടുകളുടെ ഭാഷ മാത്രം അറിയാമായിരുന്ന ഒരു ഇടയന് ലോകത്തിന്റെ വഴികളറിഞ്ഞത്,
വാക്കുകളില്ലാത്ത ഭാഷ ശീലിച്ചത്, ആ ഭാഷയിലൂടെ പ്രപഞ്ചത്തിന്റെ രഹസ്യങ്ങളറിഞ്ഞ് ആല്ക്കെമിസ്റ്റായത്.
ഇരുപത്തഞ്ചാം വയസ്സിലാണ് സൂഫി അബൂബ് ഉസ്താദിന്റെ ദര്‍ഗയില്‍ നിന്നും മോക്ഷം തേടി നാടു ചുറ്റി അവസാനം ജിന്ന് പള്ളിയിലെത്തുന്നത്.താന്‍ തേടുന്ന മോക്ഷവും മുക്തിയും അവന് കണ്ടെത്തിയത് സുജാതയിലാണ്.മൗനം കൊണ്ട് പ്രണയിച്ച് വാക്കുകള്‍ കൊണ്ട് മുട്ടി വിളിക്കാന്‍ മറന്ന രണ്ട് വെള്ളരിപ്രാവുകളായി അവര്‍ മാറി.സുജാതയുടെ സാന്നിധ്യം പോലും സൂഫിയുടെ ഹൃദയത്തെ ആഹ്ലാദഭരിതമാക്കുന്നു.ഹൃദയം നിറയുമ്പോള്‍ ഏതൊരു കണ്ണും ജ്വലിക്കാന്‍ തുടങ്ങുന്നു.
പള്ളിക്കാട്ടിലെ മീസാന്‍ കല്ലുകള്‍ക്കിടയിലെ ചോരച്ചുവപ്പുള്ള മൈലാഞ്ചിച്ചെടി സുജാതക്ക് നല്കി കൊണ്ട് സൂഫി അവളോട് വയസ്സ് ചോദിക്കുന്നുണ്ട്. വാക്കുകള്‍ പോലും തോറ്റു പോകുന്ന സുജാതയുടെ മനോഹരമായ ഉത്തരത്തിന് സൂഫി മറുപടി നല്കിയതിങ്ങനെയാണ് ''ഇരുപത്തിരണ്ടിന് ഇത്രയും ഭംഗി ലോകത്തിലെ ഒരു ഭാഷയിലും ഞാന്‍ കണ്ടിട്ടില്ല '' തന്റെ യാത്രകള്‍ക്കിടയില്‍ ഒരുപാട് ഭാഷകളറിഞ്ഞ സൂഫിക്ക് സുജാതയുടെ ഭാഷ അതിമനോഹരമായി അനുഭവപ്പെടുന്നു. അവളുടെ മിഴികളില്‍ പിടക്കുന്നത് തന്നെയാണല്ലൊ അവന്റെ മൊഴികളില്‍ തുടിക്കുന്നതും.
അബൂബ് നട്ട ഞാവല്‍ മരം കായ്ക്കുന്ന കാലത്ത് താന്‍ സംസാരിക്കും എന്ന് പറഞ്ഞ് തന്റെ ആത്മാവിനെ ഉണര്‍ത്തിയ സൂഫിക്ക് നന്ദിയായി സുജാത നല്‍കിയത് തന്റെ ഉള്ള് നിറച്ചൊരു താളാണ്. അതിനകത്ത് അവളിങ്ങനെ കുറിച്ചിട്ടു... ''സൂഫി എനിക്ക് നിങ്ങളോട് സംസാരിക്കണം ''. തന്റെ ജീവജലം കൊണ്ടെഴുതിയ വാക്കുകളാല്‍ അവള് സൂഫിയോട് പ്രണയം പറഞ്ഞത് അങ്ങനെയായിരുന്നു.
തന്റെ റൂഹടങ്ങിയ തസ്ബീഹ് മാല, ഉമ്മ പറഞ്ഞു തന്ന കഥകള്‍ മുത്തുകളായി കോര്‍ത്ത ജപമാല സുജാതക്ക് മഹര്‍(വിവാഹ സമ്മാനം) ആയി നല്‍കിയാണ് സൂഫി ജിന്ന് പള്ളി വിട്ടത്.ഒന്നു ചേരാന്‍ സാധിച്ചില്ലെങ്കില്‍ തനിക്കത് തിരിച്ചു വേണം എന്ന വ്യവസ്ഥയോടെയാണ് അവനത് അവള്‍ക്ക് നല്‍കിയത്.പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ജിന്ന് പള്ളിയിലെത്തി തന്റെ അവസാനത്തെ സുബ്ഹി ബാങ്ക് വിളിക്കുമ്പോള്‍ സൂഫിക്ക് ഉറപ്പുണ്ടായിരുന്നു തന്റെ ശബ്ദം എവിടെ നിന്നാണെങ്കിലും സുജാത കേള്‍ക്കുമെന്നും തന്റെ റൂഹിനെ അവള് തിരിച്ചു തരുമെന്നും. പ്രണയത്തിന്റെ ഭാഷക്കും ശബ്ദത്തിനും കാലമോ ദൂരമോ ഒരതിരല്ല.സുജാതയെന്ന മൗനത്തിന്റെ പുഴയില്‍ നിന്നും ജലം പാനം ചെയ്തവനാണ് സൂഫി. അതുകൊണ്ട് തന്നെ അവനറിയാമായിരുന്നു മണ്ണോടു മണ്ണായി ചേരും വരെ താന്‍ തന്നെയാകുന്നു അവളുടെ സംഗീതമെന്ന്. പ്രാര്‍ത്ഥനയായി തന്റെ മണ്ണറയിലും കൂടെയുണ്ടാകണമെന്ന് സൂഫി ആഗ്രഹിച്ച ഉമ്മയുടെ ഓര്‍മ്മകളിരമ്പുന്ന ജപമാല അവന് തിരിച്ചു നല്കി കൊണ്ട് മോക്ഷവും മുക്തിയും നല്കി സുജാത അവനെ യാത്രയാക്കി. ഞാവല്‍ മരം കുലുക്കി തന്റെ റൂഹ് തിരിച്ചു നല്കിയ സുജാതയോടുള്ള നന്ദി സൂഫിയും അറിയിച്ചു.
ആല്‍ക്കെമിസ്റ്റില്‍ ഫാത്തിമ സാന്റിയാഗോയോട് പറയുന്നു.... ''നമ്മള് ആദ്യമായി കണ്ടുമുട്ടിയതിന്റെ പിറ്റേദിവസം നീ എന്നോട് പറഞ്ഞില്ലെ, എന്നെ സ്നേഹിക്കുന്നുവെന്ന്. പ്രകൃതിയുടെ ഭാഷയും പ്രപഞ്ചത്തിന്റെ ആത്മാവും എന്താണെന്ന് നീയെന്നെ പഠിപ്പിച്ചു.ഞാന്‍ നിന്റെ വിധിയുടെ ഭാഗമാണെങ്കില്‍ എവിടെയൊക്കെ പോയാലും ഒരു നാള് നീയെന്റെ അരികില്‍ തന്നെ തിരിച്ചെത്താതിരിക്കില്ല.എനിക് ക് വിശ്വാസമുണ്ട്''.
നിധിയന്വേഷിച്ച് ലോകം ചുറ്റി അവസാനം സാന്റിയാഗോ യാത്ര തുടങ്ങിയ പള്ളി മുറ്റത്ത് തന്നെ തിരിച്ചെത്തി താന്‍ തേടിയ നിധി കണ്ടെത്തിയ ശേഷം അവന് ഇങ്ങനെ
വിളിച്ചു പറഞ്ഞു ''ഫാത്തിമാ..ഞാനിതാ വരികയായി''
വിശ്വവിഖ്യാത എഴുത്തുകാരന് ഖലീല്‍ ജിബ്രാന് തന്റെ ' പ്രവാചകന്' എന്ന കൃതിയില്‍ ഇങ്ങനെ കുറിച്ചിട്ടു....
'' പ്രേമം പ്രേമമല്ലാതെ മറ്റൊന്നും തരുന്നില്ല.മറ്റൊന്നും സ്വീകരിക്കുന്നുമില്ല.
പ്രേമം ഒന്നും സ്വന്തമാക്കി വെയ്ക്കുന്നില്ല.
പ്രേമത്തെ സ്വന്തമാക്കാന്‍ ആവുകയുമില്ല. പ്രേമം പ്രേമത്താല്‍ തന്നെ സമ്പൂര്‍ണ്ണമാവുന്നു''.
Post a Comment