ക്യാമറക്കണ്ണുകള്‍ക്കും പറയാനുണ്ട് ചില കഥകള്‍

 


രചന: മുബീൻ ആനപ്പാറ

ഫോട്ടോഗ്രാഫിയുടെ അപ്പോസ്തലന്‍ നിക്ക് ഉട്ടിന്റെ സന്ദര്‍ശനമാണ് കേരളത്തിലെ പുതിയ വാര്‍ത്തകളില്‍ പ്രധാനം. പ്രശസ്ത വ്യക്തികള്‍ അദ്ദേഹത്തെ കാണാന്‍ മത്സരിക്കുക തന്നെ ചെയ്യുന്നു. ആരാണ് നിക്ക് ഉട്ട്? വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത ലോകത്തേക്കറിയിച്ച ഫോട്ടോഗ്രാഫര്‍. നഗ്‌നമേനിയെ നോക്കികാണുന്നത് ഒരു കണ്ണിലൂടെ മാത്രമല്ലെന്ന് തെളിയിച്ച വിഖ്യാതനായ ഫോട്ടോഗ്രാഫര്‍.

വിയറ്റ്‌നാം യുദ്ധത്തിന്റെ ഗതി മാറ്റുന്നതിന് തന്നെ കാരണമായ ഒരു വാര്‍ത്താചിത്രമായിരുന്നു നിക്ക് ഉട്ടിന്റേത്. വിയറ്റ്‌നാം യുദ്ധകാലത്ത് നാപാം ബോംബ് വര്‍ഷത്തില്‍ നിന്ന് അഭയം തേടി വസ്ത്രം പോലുമില്ലാതെ ഇരുകൈകളും ഉയര്‍ത്തിപിടിച്ച്‌ കരഞ്ഞ് കൊണ്ടോടുന്ന പെണ്‍കുട്ടിയും അവളുടെ സഹോദരന്റെയും ചിത്രം. യുദ്ധത്തിന്റെ ഭീകരത മനസിലാക്കി തരാന്‍ ആ ഒരു ഫോട്ടോ മതിയായിരുന്നു. 1972 ജൂണ്‍ എട്ടിന് വിയറ്റ്‌നാമില്‍ വര്‍ഷിച്ച നാപാം ബോംബ് വര്‍ഷത്തില്‍ പൊള്ളലേറ്റ് ഓടിയ ഈ കുട്ടികളെ പിന്നീട് നിക്ക് ഉട്ട് ആശുപത്രിയിലെത്തിക്കുകയും ജീവന്‍ രക്ഷിക്കുകയും ചെയ്തു.

നാപാം ഗേള്‍ എന്ന പേരില്‍ അറിയപ്പെട്ട പെണ്‍കുട്ടി ഇന്ന് മുതിര്‍ന്ന പെണ്‍കുട്ടിയാണ്. പേര് പാന്‍ തി കാം ഫുക്കും. 1994 മുതല്‍ പാന്‍ തികിം ഫുക്ക് യൂനെസ്‌ക്കോയുടെ ഗുഡ്-വില്‍ അംബാസഡറാണ്. ലോകം ഞെട്ടലോടെ തരിച്ച്‌ നിന്ന് കണ്ട മറ്റൊരു ഫോട്ടോയാണ് 1993ലെ സുഡാനിലെ കൊടും പട്ടിണി മൂലം വിശന്ന് വലഞ്ഞ് മരിക്കാനിരിക്കുന്ന പെണ്‍കുട്ടിയും തൊട്ടടുത്ത് തന്റെ ഇരയെയും കാത്തിരിക്കുന്ന കഴുകനെയും. മനുഷ്യത്വം മരവിച്ച്‌ പോകുന്ന ഫോട്ടോ പിടിച്ച കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫര്‍ക്ക് പുലിസ്റ്റര്‍ ബഹുമതി ലഭിച്ചെങ്കിലും നിക്കി ഉട്ടിനെ പോലെ ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതിന്റെ മാനസിക വിഭ്രാന്തിയില്‍ 1994 ജൂലൈ 27ന് അദ്ദേഹം ആത്മഹത്യ ചെയ്തു.

സിറിയയിലെ ആഭ്യന്തര യുദ്ധങ്ങളുടെ വേദന നിറഞ്ഞ രണ്ട് ചിത്രങ്ങളാണ് ഈയിടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. തുര്‍ക്കി ഫോട്ടോഗ്രാഫറായ ഉസ്മാന്‍ സഗീറലിയെടുത്ത ഒരു ഫോട്ടോ വേദനയുടെ വേലിയേറ്റമുണ്ടാക്കുന്നതാണ്. യുദ്ധത്തിന്റെ കെടുതികളില്‍ പെട്ട് വലയുന്ന സിറിയന്‍ ബാലന്റെ ചിത്രമെടുക്കാന്‍ വന്ന സഗീറലിയുടെ ക്യാമറ കണ്ട് തോക്കാണെന്ന് കരുതി പേടിച്ച്‌ കയ്യുയര്‍ത്തി നില്‍ക്കുന്ന പിഞ്ചുബാലന്റെ ചിത്രം. നിഷ്‌കളങ്കമായ ആ മുഖത്തുണ്ടായിരുന്നത് എല്ലാ വിധ സൈന്യങ്ങളോടുമുള്ള ഭയമായിരുന്നു. തുര്‍ക്കിയുടെ തീരത്ത് കമഴ്ന്ന് മരിച്ചു കിടന്ന നാലു വയസുകാരനായ മറ്റൊരു കുട്ടിയുണ്ടായിരുന്നു. അലൈന്‍ കുര്‍ദി. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കടല്‍ കടന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വരാന്‍ ശ്രമിച്ച കൊബാനി സ്വദേശിയായ അലൈന്‍ കുര്‍ദിയുടെ ഉപ്പയൊഴികെയുള്ള മുഴുവന്‍ കുടുംബവും കടലില്‍ തീര്‍ന്നു. ഉമ്മയും സഹോദരനും മറ്റൊരു തീരത്തണിഞ്ഞു. തുര്‍ക്കിയുടെ തീരത്ത് കമഴ്ന്ന് കിടന്നിരുന്ന അലൈന്‍ കുര്‍ദി ഇന്നും മനുഷ്യ മനസ്സിലെ തീരാകളങ്കമാണ്.

ഭാരതവും വ്യത്യസ്തമല്ല, ഭോപ്പാല്‍ ദുരന്തം ഇന്നും നിറഞ്ഞ് നില്‍ക്കുന്നത് ദുരന്തത്തില്‍ തകര്‍ന്നുകിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയിലുള്ള ഒരു പിഞ്ചുകുഞ്ഞിന്റെ തല ഇന്നും വേദനയുടെ അടയാളമാണ്.
ഗുജറാത്ത് കലാപത്തിലെ ഇരകളുടെ പ്രതീകമായ കുത്തുബുദ്ദീന്‍ അന്‍സാരിയുടെ കൈകൂപ്പി നില്‍ക്കുന്ന ചിത്രവും കലാപകാരികളുടെ പ്രതീകമായി ഊരിപിടിച്ച വാളുമായി നില്‍ക്കുന്ന അശോകും ഒരുപാട് വലിയ കഥകളാണ് നമുക്ക് പറഞ്ഞു തരുന്നത്. ഇനി നമ്മുടെ കേരളവും കണ്ടു. ഏറെ ഭയത്തോടെ സ്വന്തം വര്‍ഗമായ മനുഷ്യനെ നോക്കിനില്‍ക്കുന്ന മധുവിന്റെ ചിത്രവും. മധുവിന്റെ ഘാതകര്‍ തന്നെ പകര്‍ത്തിയ ആ ചിത്രം തന്നെയാണ് മരണത്തിലെങ്കിലും മധുവിന് അര്‍ഹതപ്പെട്ട പരിഗണന വാങ്ങികൊടുക്കാന്‍ സാധിച്ചത്. ക്യാമറകളില്‍ പിടിക്കപ്പെട്ട ഓരോ ചിത്രങ്ങള്‍ക്കും ഓരോ കഥ പറയാനുണ്ടാകും, വേദനയുടെ, നോസ്റ്റാള്‍ജിയയുടെ, സ്‌നേഹത്തിന്റെ, ബന്ധങ്ങളുടെ, അടിച്ചമര്‍ത്തലിന്റെ, ഭീഷണിയുടെ... അങ്ങനെയങ്ങനെ ഒരുപാട് വലിയ വലിയ കഥകള്‍.

Post a Comment

Previous Post Next Post