അങ്ങിനെ ഒരു യാത്രയിൽ

 
വിവരണം : ധർമ്മരാജ് അമ്പാടി


ചില യാത്രകൾ മനസ്സിൽ ഇട്ട് തലോലിക്കും നമ്മൾ, സ്വപ്നങ്ങൾ കാണും നമ്മൾ, എല്ലാം റെഡിയായ് വരുമ്പോൾ നമ്മൾക്ക് എന്തേലും തടസ്സങ്ങൾ ഉണ്ടാവും , കുറേ യാത്രകൾ മുടങ്ങിയ ഒരു സ്ഥലം, അതെ അങ്ങനെ ഒരു യാത്രയായിരുന്നു അഗുംബെ ട്രിപ്പ്... പല തവണ തുനിഞ്ഞ് ഇറങ്ങി മുടങ്ങിയ ഒരു യാത്ര അവസാന നിമിഷം ചെറിയ ഒരു പനിയിൽ വിറങ്ങലിച്ചു നിന്നു, അവസാനം പോവാൻ തന്നെ  തീരുമാനം എടുത്ത - ഒരുപാട് കാത്തിരുന്ന ഒരു യാത്ര.... സഞ്ചാരി കോഴിക്കോടിന്റെ 38-ആം ഇവന്റ്  അഗുംബെ....


ജൂണിൽ തുടങ്ങിയ അന്വേഷണങ്ങൾ ആഗസ്ത് വരെ എത്തി യാത്രയ്ക്ക്... അഗുംബെയെ കുറിച്ചു  കുറെയേറെ വിവരങ്ങൾ കിട്ടി

• കർണാടകത്തിലെ ഷിമോഗ ജില്ലയിലെ ഒരു ഗ്രാമമാണ് അഗുംബെ
• ഇന്ത്യയിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ അഗുംബെയെ 'ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി'എന്നു വിശേഷിപ്പിക്കാറുണ്ട്. 
• യുനെസ്കോ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് അഗുംബേയിലെ മഴക്കാടുകൾ.
• അഗുംബെ മഴക്കാടുകളിൽ ധാരാളം രാജവെമ്പാലകളെ കണ്ടു വരുന്നു. ലോകത്തിൽ തന്നെ ഏറ്റവും അധികം രാജവെമ്പാലകൾ അധിവസിക്കുന്ന പ്രദേശമായ അഗുംബേയ്ക്ക് രാജവെമ്പാലകളുടെ തലസ്ഥാനം എന്നും വിളിപ്പേരുണ്ട്.
• ഒരുപാട് വെള്ളച്ചാട്ടങ്ങൾ അഗുംബെ മഴക്കാടുകൾക്കുള്ളിൽ ഉണ്ട്
• ആർ കെ നാരായണന്റെ പ്രശസ്തമായ "മാൽഗുഡി ഡേയ്സ്" ടെലിസീരിയലായപ്പോൾ മാൽഗുഡിയായി രൂപംമാറിയത് ഇവിടുത്തെ നാട്ടുമ്പുറങ്ങളായിരുന്നു.
• ശൃംഗേരിയും ജോഗ് ഫാൾസും എല്ലാം അഗുംബെയുടെ തൊട്ടടുത്ത് തന്നെ
അങ്ങനെ പോവുന്നു അഗുംബെയുടെ വിശേഷങ്ങൾ....


യാത്രയുടെ അന്വേഷണങ്ങൾ നടത്തിയതും അഗുംബെ എന്ന പേര് നിർദ്ദേശിച്ചതും പ്രിയ സുഹൃത്ത് ശ്രീലാൽ ആയിരുന്നു, അത് കൊണ്ട് തന്നെ യാത്ര കോർഡിനേറ്ററായി അവനെ തന്നെ തീരുമാനിച്ചു,
25 പേരെ കൊണ്ടുപോവാം എന്നായി തീരുമാനം... എങ്ങനെ കൊണ്ടുപോകും? ലോ ബജറ്റ് യാത്ര ആയിരിക്കണം എന്നൊരു പിടിവാശി ഞങ്ങളുടെ ഉള്ളിൽ ഉള്ളതുകൊണ്ട് ടൂറിസ്റ്റ് ബസ്സിനെ തഴഞ്ഞു ട്രെയിനിൽ പോവാം, യാത്ര അടിപൊളി ആക്കാം, എന്നൊക്കെ സ്വപ്നം കണ്ടിരുന്നു... സഞ്ചാരിയിൽ പോസ്റ്റ് ഇട്ട് കാത്തിരിപ്പായി... 15 പേര് ഉറപ്പു തന്നു 30ഓളം പേര് നോക്കാം എന്നും... ഈ അവസ്ഥയിൽ ട്രെയിൻ ബുക് ചെയ്യുക എന്നു വച്ചാൽ പണി കിട്ടും.. ആരേലും പിൻവലിഞ്ഞാൽ ആ ടിക്കറ്റിന്റെ കാശ് പോക്കറ്റിൽ നിന്നു പോവും.... 


അനൗൻസ് ചെയ്ത ദിവസത്തേക്ക് ട്രെയിനിൽ ടിക്കറ്റ് കിട്ടില്ല എന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോ,രക്ഷകനായത് KSRTC ആയിരുന്നു... നോക്കാം എന്നു പറഞ്ഞ 30 പേരിൽ 3 പേരാണ് ഉറപ്പു തന്നത്... മിനിമം 20 പേരെങ്കിലും വേണ്ടേ എന്ന ചിന്തയിൽ 2 എണ്ണത്തിനെ ശ്രീലാൽ തന്നെ സ്വന്തം സൗഹൃദ വലയത്തിൽ നിന്നും പൊക്കി... അജാസും സക്കറിയയും.ആ യാത്രയിൽ നിന്നും കിട്ടിയ സൗഹൃദങ്ങളിൽ രണ്ടെണ്ണം.


2018 ആഗസ്റ്റ് മാസം മൂന്നാം തിയ്യതി വെള്ളിയാഴ്ച രാത്രി 9:40 ന് ഉള്ള ATC 152 ആലപ്പുഴ - മൂകാംബിക സൂപ്പർ ഡീലക്‌സ് എയർ ബസ്സിൽ 20 സീറ്റ് ബുക്ക് ചെയ്തതിൽ ഒന്ന് ഞാനും.... കാത്തിരുന്ന യാത്ര തൊട്ട് മുന്നിൽ നിൽക്കുന്നു ,അന്നേ ദിവസം അതിരാവിലെ തന്നെ മലപ്പുറം സൈറ്റിൽ ജോലിയാവശ്യാർത്ഥം എത്തി, ഒരു പത്ത് മണിയോടെ ചെറിയ ഒരു പനിക്കോള് , പെട്ടല്ലോ ദൈവങ്ങളേ ... ബാക്കി 19 പേരുടെ വായിലിരിക്കണത് കേൾക്കാൻ തയ്യാറായി  ശ്രീലാലിനെ ഒന്ന് വിളിച്ചു... കേൾക്കേണ്ടത് കേട്ടു സമാധാനമായ് - വൈകിട്ടോടെ ബാലുശ്ശേരി തിരിച്ചെത്തി പനി വല്യ പ്രശ്നക്കാരാനായി തോന്നിയില്ല ... വീട്ടിൽ പോയി യാത്ര കിറ്റും എടുത്ത് രണ്ടും കല്പിച്ച് ഇറങ്ങി,, വെള്ളിയാഴ്ച രാത്രി 9:30 ന് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലെ പെട്രോൾ പമ്പിന്റെ അടുത്തു വച്ചു എല്ലാവരും ഒത്തുകൂടി... 


സഞ്ചാരി യാത്രകളിലെ സ്ഥിര സാന്നിധ്യമായ സഫ്നാസ് പേരാമ്പ്ര, സിബി പാലക്കൽ , അർഷാദ് , മുഹ്‌സിൻ, ബിനോയ് , മുഹമ്മദ് തുടങ്ങിയവരും സഞ്ചാരി കോഴിക്കോടിന്റെ നെടും തൂണുകളായ പ്രവീണ് സോമൻ, ഷൈനീജ് , ഡോക്ടർ റഹീസ് , സുനീഷ്, യാത്രക്ക് പ്രായം ഒരു തടസം അല്ല എന്ന് തെളിയിച്ച സുരേട്ടൻ എന്നു വിളിക്കുന്ന സുരേന്ദ്രേട്ടൻ. പിന്നെ പുതുമുഖങ്ങളായി ലതീഷ്, ആഷിക്, ഷാമിൽ, ആളെ തികക്കാൻ വേണ്ടി ചാക്കിട്ട് പിടിച്ച സക്കറിയ, ഇർഷാദ് പിന്നെ ഒരു അജാസും.... കൂടെ മ്മളെ കോർഡിയും വടകരയിൽ നിന്നും ‌ കയറുന്ന സുറൂർ അങ്ങനെ ഞങ്ങൾ 20 പേര് , പരസ്പരം പരിചയപ്പെട്ടും ചിരിച്ചും കളിച്ചും കളിയാക്കിയും ബസ്സ് നോക്കി ഇരിപ്പായി... 
സമയം 9:40 കഴിഞ്ഞു 10:40 ആയി... ബസ് ബുക്ക് ചെയ്തവൻ എന്ന നിലക്ക് എല്ലാവരും കോർഡിയെ തുറിച്ചു നോക്കി തുടങ്ങി " ബസ്സ് എവിടെടോ ? " എന്ന ഭാവം... PNR ഡീറ്റൈൽസ് വന്ന മെസേജിൽ കണ്ടക്ടറുടെ നമ്പർ തപ്പി വിളിച്ചു നോക്കിയപ്പോ , ബസ്സ് വളാഞ്ചേരി കഴിഞ്ഞിട്ടേ ഉള്ളു , എർണാകുളവും തൃശൂരും അപാര ബ്ലോക്ക് ആയിരുന്നു എന്നും അദ്ദേഹത്തിന്റെ ക്ഷമാപണത്തോടെയുള്ള മറുപടി.. ഈ ഗ്യാപ്പിൽ ഞാൻ സ്റ്റാൻഡിൽ ഞങ്ങളടെ ബാഗിൻ കൂട്ടത്തിൽ കിടന്ന് ഒന്ന് ഉറങ്ങി -


12:15 അയപ്പോ ബസ്സ് എത്തി എന്ന് ആരോ പറഞ്ഞു. നീണ്ട 3 മണിക്കൂർ നേരത്തെ കാത്തിരിപ്പിനൊടുവിൽ 12:30 ന് ബസ്‌ പുറപ്പെടുമ്പോൾ ഞങ്ങളെ കൂടാതെ 3 യാത്രക്കാർ മാത്രം.... യാത്രചെയ്യാൻ സ്വന്തമായി ഒരു KSRTC വാടകക്ക് എടുത്ത ഒരു ഫീൽ... വടകര സ്റ്റാൻഡിൽ ഞങ്ങളെയും കാത്ത് സുറൂർ ഉണ്ടായിരുന്നു..ഇരുട്ടിനെ കീറി മുറിച്ച് ബസ് പാഞ്ഞു....ഉറക്കത്തിലേക്ക് ഊളിയിട്ട ഞാൻ കണ്ണു തുറക്കുമ്പോ ബസ് കാസർക്കോട് സ്റ്റാന്റിലേക്ക് കയറുകയായിരുന്നു... എല്ലാവരും നല്ല ഉറക്കം... എല്ലാവരേയും നോക്കിയ ശേഷം മുന്നിലേക്ക്‌ നോക്കിയപ്പോ പുതുമുഖം സക്കറിയ ഉണ്ട് ഡ്രൈവർക്ക് കൂട്ടിരിക്കുന്നു... ആശാൻ ഉറങ്ങിയിട്ടില്ല എന്നു തോന്നുന്നു..... ബസ് മംഗലാപുരവും കഴിഞ്ഞു NH66 ഇൽ പാഞ്ഞുകൊണ്ടിരിക്കുന്നു.... ഞങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് ആയ ഉഡുപ്പി എത്തുമ്പോഴേക്കും നേരം വെളുത്തിരുന്നു. KSRTC ഞങ്ങളെ ഉടുപ്പിയിൽ ഇറക്കി കൊല്ലൂർ-മൂകാംബികയ്ക്ക് പോയി... ഉടുപ്പിയിൽ അന്വേഷിച്ചപ്പോൾ 15 മിനിറ്റ് ഇടവിട്ട് അഗുംബെ മിനി ബസ്സ് ഉണ്ട്... പോയി നോക്കിയപ്പോൾ ആദ്യം കണ്ട ബസ്സിൽ പകുതി ആൾക്കാർ ഉണ്ട് .അതിന്റെ പിറകിൽ അടുത്ത ബസ്സ് യാത്രക്ക് തയ്യാറാവുന്നു ,, എല്ലാവരും അതിൽ കയറി. മഴ ഉഡുപ്പി മുതൽ അകമ്പടിയായി കൂടെ കൂടി.... നല്ല റോഡും എങ്ങും പച്ചപ്പ്‌ നിറഞ്ഞ കാഴ്ചകളും കൂടെ മഴയും.... ഹെബ്രി വരെ നല്ല വയലുകളും കൃഷി സ്ഥലങ്ങളും ഉള്ള സമതലമായിരുന്നെങ്കിൽ അവിടുന്നങ്ങോട്ട് കയറ്റം തുടങ്ങുകയായിരുന്നു.... വീതി കുറഞ്ഞ റോഡുകളും ഹെയർപിൻ ബെൻഡുകളും ആയി പെട്ടെന്ന് തന്നെ ഉയരങ്ങളിലേക്ക് കയറിതുടങ്ങി.... എങ്ങും ഈർപ്പം മാത്രം....മഴയൊഴിഞ്ഞ സമയം ഇല്ലത്രേ അവിടെ...ഒന്നര മണിക്കൂറിനു ശേഷം ഉയരങ്ങൾ കീഴടക്കി ബസ് അഗുംബെ സ്റ്റാൻഡിൽ എത്തി.... 


താമസത്തിന് കസ്തൂരി അക്കയുടെ ദൊഢാമനെ എന്ന നാലുകെട്ട് ആയിരുന്നു ഞങ്ങൾ നോക്കിയത് പക്ഷെ ഇപ്പോൾ 20 പേരെ ഒന്നും അവിടെ ഉൾക്കൊള്ളാൻ കഴിയില്ല എന്നാരോ പറഞ്ഞു... പിന്നെ താമസ സൗകര്യം ഉള്ളത് മല്യ ലോഡ്‌ജിൽ ആണ്...ഉടമസ്ഥൻ, സുധി മല്യയുടെ ഫോൺ നമ്പർ തപ്പിയെടുത്തു,ആശാനോട് യാത്രയുടെ കാര്യങ്ങൾ പറഞ്ഞു.അഗുംബെയിൽ വേണ്ട എല്ലാ സൗകര്യങ്ങളും അദ്ദേഹം ചെയ്തു തരാം എന്ന ഉറപ്പിന്മേൽ മല്യ ലോഡ്ജിൽ 20 പേർക്കുള്ള താമസവും ഭക്ഷണവും ഉറപ്പാക്കി... സ്റ്റാൻഡിന്റെ തൊട്ടു പിറകിൽ തന്നെ ആയിരുന്നു മല്യ റസിഡൻസി... അത്യാവശ്യം സൗകര്യങ്ങളോടുകൂടിയ ഒരു നല്ല ഹോട്ടൽ...മഞ്ഞു പുതച്ച ആ നാട്.. കച്ചവട സ്ഥാപനങ്ങൾ എല്ലാം ഉണർന്നു വരുന്നേ ഉള്ളു... എങ്ങും ഒരു നീല നിറം.... ചെക്ക് ഇൻ ചെയ്തു നേരെ സുധി മല്യയുടെ വീട്ടിലേക്ക്.. അവിടെയാണ് പ്രഭാത ഭക്ഷണം ഒരുക്കിയിരിക്കുന്നത്....തനതായ കർണാടക ഭക്ഷണം... പലതരം വിഭവങ്ങൾ.. വ്യത്യസ്ത പേരുകളിൽ പുലിയോഗ്ര ,കേസരി ബാത്ത് ,ബിസി ബെലെ ബാത്ത് .. പിന്നെ ഒരു പ്രത്യേകതരം ചായ... പേര് കഷായ്.... ചായകുടിച്ചു കഴിയുമ്പോഴേക്കും സമയം 9 ആയിരുന്നു....
തിരിച്ച് മല്യ റെസിഡൻസിക്കു മുമ്പിൽ എത്തിയമ്പോൾ ഒരു ആൾകൂട്ടം ... ആന കൃഷിയിടത്തിൽ ഇറങ്ങി കൃഷി നശിപ്പിച്ചതിന് ആ പ്രദേശത്ത് ഹർത്താൽ നടത്തുന്നതിന് എത്തിയവർ ആയിരുന്നു, പോലിസുകാരും മീഡിയക്കാരും എല്ലാം കൂടി ഒരു ബഹളം... ഞങ്ങൾ അവിടെ കുറഞ്ഞ സമയം കാഴ്ചക്കാരായ് - 
വീണ്ടും ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങി

അപ്പോഴേക്കും സുധി മല്യ ഒരു ജീപ്പും ഒമ്നിയും മഹീന്ദ്രയുടെ ഒരു വാനും ഞങ്ങൾക്ക് വേണ്ടി മാറ്റി വച്ചിരുന്നു... ജീപ്പ് കൊണ്ടു വന്നു നിർത്തിയതും ജീപ്പ് ഫുള്ളായി... എല്ലാവരും ഓരോ വാഹനത്തിലായി കയറി ..ചാറ്റൽ മഴയുടെ അകമ്പടിയിൽ മല്യയുടെ ജീപ്പിൽ തൂങ്ങി ആ മഴക്കാടുകൾക്ക് ഉള്ളിലൂടെ വിജനമായ വഴികൾ താണ്ടി ഞങ്ങൾ യാത്ര തുടങ്ങി... എങ്ങും പച്ചപ്പ് മാത്രം ഒരുപാട് സമയത്തെ യാത്രക്കൊടുവിൽ ഒരു ഗ്രൗണ്ടിൽ വാഹനം നിർത്തി... അതൊരു മഠം ആയിരുന്നു... ശൃംഗേരി ശാരദാ പീഠം.എ.ഡി 8-ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒരു അദ്വൈത വേദാന്ത മഠമാണ് ശൃംഗേരി ശാരദാ പീഠം. തുംഗാ നദിയുടെ തീരത്താണ് ഈ മഠം.സമയം ഉച്ചയോട് അടുത്തിരുന്നു... വിശപ്പിന്റെ വിളി കലശലായിക്കൊണ്ടിരിക്കുന്നു... മഠത്തിന്റെ ഉള്ളിൽ ആ പഴയകാല കൊത്തുപണികളോട്‌ കൂടിയ ഒരമ്പലം , വളരെ ശാന്തമായ ഒരു അന്തരീക്ഷം... ആ മഠത്തിലെ ഒരാൾ ഞങ്ങളെ ഭക്ഷണത്തിന് ക്ഷണിച്ചു.. 

നല്ല വിശപ്പുള്ളത് കൊണ്ട് ആ ക്ഷണം നിരസിച്ചില്ല... വലിയ ഒരു ഭോജന ശാല... കൈ കഴുകി എല്ലാവരും നിലത്ത് ചമ്രം പടിഞ്ഞിരുന്നു..ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നതും യോഗാസനമാണ്.. ആരോ പറഞ്ഞത് ഓർക്കുന്നു.വലിയ ഒരു സ്റ്റീൽ പ്ളേറ്റിൽ അവർ ഒരു സ്പൂണ് ചോറു വിളമ്പി... കൂടെ വെള്ളം പോലെ ഒരു കറിയും.. വല്ലാത്ത ഒരു ട്വിസ്റ്റ് ആയിപ്പോയി... നല്ല വിശപ്പുള്ളത് കൊണ്ടു എല്ലാവരും രണ്ടാമതും ചോറും കറിയും വാങ്ങി വയറു നിറയെ കഴിച്ചു... പക്ഷെ അവിടെയാണ് യഥാർത്ഥ ട്വിസ്റ്റ് അരങ്ങേറിയത്... ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നിരുന്ന തദേശിയർ ആ ഒരു സ്പൂണ് ചോറു കഴിച്ചു അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു... അപ്പോഴാണ് നാലഞ്ചു പേര് വിഭവ സമൃദ്ധമായ സദ്യവട്ടങ്ങളുമായി വരുന്നത്... ഞങ്ങളാണെങ്കിൽ കിട്ടിയത് മാക്സിമം അടിച്ചുകയറ്റിയത് കൊണ്ടു വയറും നിറഞ്ഞു പോയി... അങ്ങനെ ആ സദ്യ മിസ്സായി... അവിടത്തെ രീതി അങ്ങനെ ആണത്രേ.....എന്തായാലും പാഠം ഒന്ന് എന്നു പറഞ്ഞു അവിടുന്നു ഇറങ്ങി... 

പ്രകൃതിഭംഗിയും മഴയും വിജനമായ റോഡും കണ്ടപ്പോ ശ്രീലാലിനു ഒരു മോഹം, അതിനുള്ളിലൂടെ  വണ്ടി ഓടിക്കാൻ...  ഒമ്നിയുടെ താക്കോൽ വാങ്ങി അവിടുന്നങ്ങോട്ട് ഡ്രൈവർ അവൻ ആയി മാറി...മുന്നേ പോകുന്ന സുധി മല്യയുടെ ജീപ്പിന് പിറകെ വച്ചു പിടിച്ചു... ആ കാട്ടു പാതയിലൂടെ കുറെ നേരം ഡ്രൈവ് ചെയ്ത് ചെന്നെത്തിയത് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ന്റെ കൗണ്ടറിന് മുന്നിൽ...അവിടുന്നു ടിക്കറ്റ് എടുത്ത് നേരെ താഴോട്ട് ഇറങ്ങി.. ഇറങ്ങും തോറും ഒരു വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽ ഏറി വന്നു... വലിയ ഒരു പാറയുടെ മുകളിൽ നിന്ന് കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടം .. സിരിമനെ വാട്ടർ ഫാൾസ്... നല്ല ശക്തിയിൽ താഴോട്ടു പതിക്കുന്ന വെള്ളച്ചാട്ടം എല്ലാരും നോക്കി നിൽക്കുമ്പോൾ ,സക്കറിയ ആരോടും ഒന്നും ചോദിക്കാതെ തന്നെ കുളിക്കാൻ ഇറങ്ങി... വേറെയും സഞ്ചാരികൾ അതിന്റെ താഴെ നിന്നു കുളിക്കുന്നുണ്ടായിരുന്നു... സക്കറിയയുടെ മുന്നേറ്റം എല്ലാവർക്കും ഒരു പ്രചോദനം ആയിരുന്നു...എല്ലാവരും ഇറങ്ങി... 

എത്ര നേരം ആ വെള്ളച്ചാട്ടത്തിന്റെ അടിയിൽ നിന്നു എന്നു ഓർമയില്ല... ശരിക്കും ഒരു വാട്ടർ മസാജ് ആയിരുന്നു... വെള്ളച്ചാട്ടത്തിനു മുൻപിലായി ഒരു വ്യൂ പോയിന്റ് ഒരുക്കിയിരുന്നു.. അവിടെ നിന്നു നോക്കുമ്പോൾ വെള്ളച്ചാട്ടം കൂടുതൽ മനോഹരിയായി തോന്നി... അവിടുന്നു തിരിച്ചു പോരുവാൻ തോന്നിയില്ല... സുധി അണ്ണൻ പിടിച്ചു വലിച്ചു കൊണ്ടുവന്നു എന്നു വേണമെങ്കിൽ പറയാം.... മേലെ പാർക്കിങ്ങിൽ ഒരു തട്ടുകടയുണ്ടായിരുന്നു... അവിടുന്നു കിട്ടിയ മുളക് ബജി യുടെ സ്വാദ് ഇപ്പോഴും നാവിലുണ്ട്... എല്ലാവരും അവിടെ കയറി മേഞ്ഞു.. ഞങ്ങളും ഹാപ്പി, കടക്കാരനും ഹാപ്പി... 

മടക്കയാത്രയായിരുന്നു... നേരെ ലോഡ്ജിലേക്ക്... അടുത്ത കലാപരിപാടി അവിടെയായിരുന്നു... മഴയത്ത് ചളി നിറഞ്ഞ ഗ്രൗണ്ടിൽ ഒരു മഡ് ഫുട്ബാൾ... ഷൈനീജും സക്കറിയയും കൂടെ മൂന്നു നാലു പേരും ലോഡ്ജിൽ തന്നെ നിന്നു.കാരണം അവർക്ക് വേറെ ഡ്യൂട്ടി ഉണ്ടായിരുന്നു.. ചിക്കൻ കഴുകണം,മസാല ഉണ്ടാക്കണം,ക്യാമ്പ് ഫയറിന് വിറക് കൂട്ടണം... പണ്ടേ പണിയെടുക്കാൻ മടിയുള്ള കോർഡിനേറ്റർ മുതലാളി ബാക്കിയുള്ളവരെയും കൂട്ടി ഫുട്‌ബോളും എടുത്ത്  ഗ്രൗണ്ടിലേക്ക് പോയി... കൂടെ ഞാനും ,വെള്ളച്ചാട്ടത്തിൽ കുളിച്ചു വൃത്തിയായതിനാൽ പലർക്കും ഇറങ്ങാൻ മടി... സിബിയും സഫ്നാസും ലതീഷേട്ടനും കിക് ഓഫ് നടത്തി...കളി കാണാൻ നിന്ന എൻ്റെയടക്കമുള്ളവരുടെയൊക്കെ മേല് ചളിയായപ്പോൾ കളിക്കാരുടെ എണ്ണം കൂടി... അപ്പോഴും മഴ പെയ്തുകൊണ്ടേ ഇരുന്നു... ചളിയിൽ തെന്നി വീണും ഉരുട്ടിയിട്ടും കളിയുടെ ലഹരിയിലേക്ക് എല്ലാവരും ഒത്തു ചേർന്നു.. ഗ്രൗണ്ടിൽ ഇരുട്ടു വീണപ്പോൾ എല്ലാവരും റൂമിലേക്ക് തിരിച്ചു... 

തണുപ്പ് അധികമായി തുടങ്ങിയിരുന്നു... പരിസരമാകെ മഞ്ഞു വന്നു മൂടി തുടങ്ങി... റൂമിലെത്തി കുളിച്ചു ഫ്രെഷായി റൂഫ് ടോപ്പിൽ ചെന്നു നോക്കിയപ്പോൾ  ഒരു ചെമ്പിൽ ചിക്കൻ കറി തയ്യാറായിക്കൊണ്ടിരിക്കുന്നു... വിറകിന് തീ കൊടുത്ത് മസാല പുരട്ടിയ ചിക്കൻ , ഗ്രില്ലിൽ വച്ചു ഷൈനിയും സക്കറിയയും... പിന്നെയൊരു യുദ്ധമായിരുന്നു.... ഭക്ഷണത്തോട് ഇത്രയും ശത്രുതയുള്ളവരായിരുന്നു കൂട്ടത്തിൽ ഉള്ളത് എന്നു മനസ്സിലാക്കാൻ ഞാൻ വൈകി...അപ്പോഴേക്കും ചപ്പാത്തിയും മറ്റു വിഭവങ്ങളുമായി സുധി അണ്ണനും ടീമും എത്തി... ആട്ടവും പാട്ടുമായി അതിലേറെ തള്ളുമായി ആ രാത്രി അങ്ങനെ കഴിച്ചുകൂട്ടി...

 അടുത്ത ദിവസം അത്യാവശ്യം വലിയ ഒരു ട്രെക്കിങ്ങ് ആണ്, അതുകൊണ്ട് വിശ്രമം ആവശ്യമാണ് എന്നൊക്കെ പറഞ്ഞു എല്ലാവരും കിടന്ന് ഉറങ്ങി... എന്നിരുന്നാലും പല റൂമുകളിൽ നിന്നും അടക്കിപ്പിടിച്ച ഫോൺ വിളികൾ കേൾക്കാമായിരുന്നു...

പുലർച്ചെ സക്കറിയയും മുഹ്‌സിൻ ഇക്കയും പ്രഭാത സവാരി കഴിഞ്ഞു വന്നു എല്ലാരേയും വിളിച്ചുണർത്തി... അവർ അഗുംബെ യുടെ കവാടത്തിനു താഴെ ഏതോ ഒരു വ്യൂ പോയിന്റിൽ പോയി ഉദയം കണ്ടത്രേ...നല്ല തണുപ്പും കിടിലൻ പുതപ്പും കിട്ടിയ കുറച്ച് പേർക്ക് എന്ത് ഉദയം...
മനസ്സില്ലാ മനസ്സോടെ അവന്മാരെ പ്രാകിക്കൊണ്ടു ബാക്കിയുള്ളവരും ഞാനും എഴുന്നേറ്റു... റൂഫിൽ ചെന്നപ്പോ, തലേന്നത്തെ ചിക്കൻ ബാക്കിയുണ്ടോ എന്നു തപ്പുന്ന പ്രവീണിനെ കണ്ടു.. യാത്രക്ക് തയ്യാറാവേണ്ട സമയം പറഞ്ഞു കോർഡി കുറച്ചുകൂടി ഉറങ്ങി... ഒരു വിധം അവനെ ഉറക്കത്തിൽ നിന്നു ഓടിച്ചു വിട്ടത് ഞാനാണ്... താഴെ മല്യയുടെ വിളി വന്നു,പെട്ടെന്ന് പോയി പ്രഭാത ഭക്ഷണം കഴിക്കാൻ... എല്ലാവരും അദ്ദേഹത്തിന്റെ വീട്ടിൽ പോയി കഴിച്ചു കഴിഞ്ഞപ്പോഴേക്കും വാഹനം റെഡി....

ഇനി ഞങ്ങളുടെ ലക്ഷ്യം തീര്‍ത്ഥഹള്ളിക്ക് സമീപമുള്ള ഒരു കോട്ടയാണ്... കാവൽദുർഗ്ഗ ഫോർട്ട്. കാര്യമായ വികസനങ്ങൾ ഒന്നും എത്തിച്ചേരാത്ത നിഷ്കളങ്കമായ കാവൽദുർഗ ഗ്രാമത്തിലെ കോട്ട...ഒൻപതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഈ കോട്ട എന്നു ചരിത്രരേഖകൾ...പതിനാലാം നൂറ്റാണ്ടിൽ ബെലഗുത്തി രാജാവായ ചെലവരംഗപ്പയുടെ ഭരണകാലത്താണ് പുതുക്കി പണിതത്...പതിനെട്ടാം നൂറ്റാണ്ടില്‍ ഹൈദര്‍ അലി ഈ കോട്ട കീഴടക്കി. തുടര്‍ന്ന് ടിപ്പുസുല്‍‌ത്താന്റെ അധികാര പരിധിയിലായി ഈ കോട്ട.ഭുവനഗിരി കോട്ടയെന്നും പേരുണ്ട്.....

ടിക്കറ്റ് എടുത്ത് മുന്നോട്ട് നടക്കുമ്പോൾ ഇഴജന്തുക്കളെ സൂക്ഷിക്കണമെന്ന് അവിടെയുള്ള ഒരാൾ മുന്നറിയിപ്പ് തന്നു.ഗ്രാമ വഴികളിലൂടെ നടന്ന് എത്തിയത് ഒരു വയലിൽ.. അതിന്റെ നടുക്ക് ഒറ്റയടിപാത... അത് ചെന്നെത്തുന്നത് കോട്ടയിലേക്കുള്ള പാതയിൽ... പുരാതനകാലത്ത് പാകിയ കല്ലുകളിൽ ചവിട്ടി ഞങ്ങൾ കയറാൻ ആരംഭിച്ചു.... കുറച്ചേറെ നടന്നപ്പോൾ ഭീമാകാരമായ കവാടം ഞങ്ങളെ സ്വാഗതം ചെയ്തു.

കോട്ടയിലെ കല്ലുകളിൽ പല തരം കൊത്തുപണികൾ ചെയ്തിരുന്നു...ഞങ്ങൾ കോട്ടക്കുള്ളിൽ പ്രവേശിച്ചു... ഒരുതരത്തിൽ പറഞ്ഞാൽ കാവൽമാടങ്ങൾ തന്നെയായിരുന്നു ആ കവാടങ്ങൾ... വിദൂരതയിലുള്ള ശത്രുവിന്റെ നീക്കങ്ങൾ എളുപ്പം മനസ്സിലാക്കാൻ കഴിവുള്ള ഒളിസങ്കേതങ്ങൾ പോലെ...വലിയ ഇടനാഴികൾ കടന്നു ഞങ്ങൾ മുന്നോട്ടു നടന്നു.പഴമയുടെ അവശേഷിപ്പുകൾ മാത്രം... കോട്ടക്കകത്ത് ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ടായിരുന്നത്രെ...മൂന്നോ നാലോ ക്ഷേത്രങ്ങൾ ഇപ്പോൾ അവശേഷിക്കുന്നു.. പലതിനും മേല്കൂരകൾ ഇല്ല... അകത്തളങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നു... വിശാലമായ കോട്ട... ഒന്നാം കവാടവും അതിനോട് ചേർന്ന മുറികളും പിന്നിട്ട് പ്രധാന വഴികളിലൂടെ മുകളിലേക്ക് നടന്നു... പ്രേതനഗരം പോലെ... പൂപ്പൽ പിടിച്ചു പച്ചപ്പും വെള്ളം ഒഴുകി വഴുക്കൽ ആയ കല്ലുകളും... രാത്രിയൊക്കെ ആണ് ഇവിടെ വന്നതെങ്കിൽ കിളി പാറുമായിരുന്നു.... നടന്നു കയറുമ്പോൾ താഴിട്ടു പൂട്ടിയ മറ്റൊരു ക്ഷേത്രം ,ശ്രീകണ്ഠേശ്വര ടെമ്പിൾ എന്നു ഗൂഗ്ൾ മാപ്പ് പറഞ്ഞു തന്നു...വലിയ കല്ലുകളിൽ ആനയും പാമ്പും കാളയും എല്ലാം ശിൽപിയുടെ കരവിരുതിൽ വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.ഒരു വിധത്തിലും സംരക്ഷിക്കപ്പെടാതെ പ്രകൃതിയിലേക്ക് ഉപേക്ഷിച്ച നിലയിൽ തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു ആ ഗോപുരങ്ങൾ... പലതിനും മീറ്ററുകൾ ഉയരമുള്ള കൊടിമരങ്ങൾ , അതും കല്ലിൽ കൊത്തിയത്... നടന്നു നടന്നു രണ്ടാമത്തെ കവാടവും പിന്നിട്ടപ്പോൾ ഒരു വലിയ പാറ പുറത്തു മറ്റൊരു ക്ഷേത്രം കാണാനായി... വഴുക്കൽ നിറഞ്ഞ ആ പാറയിൽ അള്ളിപ്പിടിച്ചു എല്ലാവരും കയറി... ചെങ്കുത്തായ കയറ്റം...

 അവിടെ ഒരു ചെറിയ അമ്പലം.. ശ്രീലക്ഷ്മീ നാരായണ ടെമ്പിൾ എന്ന് കൊത്തി വച്ചിരിക്കുന്നു അവിടം . നല്ല തണുത്ത കാറ്റ് മഴയ്‌ക്കൊപ്പം ആഞ്ഞു വീശുന്നുണ്ടായിരുന്നു.. അവിടെ നിന്നു നോക്കിയാൽ അങ്ങു ദൂരെയുള്ള വയലുകൾ കാണാമായിരുന്നു... തുമ്പികൾ പാറി പറക്കുന്നു... അവിടെ വച്ചു ഗ്രൂപ് ഫോട്ടോ എടുത്ത് തിരിച്ചിറങ്ങി സൈഡിലൂടെ വീണ്ടും മുകളിലേക്ക് കയറി... അടുത്ത കവാടം കുറച്ചു ആർഭാടപൂർവം ആണെന്ന് തോന്നി... സംശയം ശരിയായിരുന്നു.. കൊട്ടാര മാളികകളുടെ അവശേഷിപ്പുകൾ ധാരാളം ഉണ്ടായിരുന്നു.ഒരുപാട് കൽതൂണുകൾ, നിലം പതിച്ച മേല്കൂരകൾ , അതിന്റെയെല്ലാം ഉള്ളിലൂടെ നടന്നപ്പോൾ കുറച്ചുപേരുണ്ടു മുന്നിൽ അതിശയത്തോടെ താഴോട്ടു നോക്കി നിൽക്കുന്നു...

 അതൊരു കുളമായിരുന്നു...മണ്ണിൽ നിന്നും രണ്ടാൾ താഴ്ചയിൽ പടവുകളോട് കൂടിയ ഒരു കുളം... അതിലേക്ക് ഇറങ്ങി ചെല്ലാൻ കൽ പടികൾ, പടികൾ തീരുന്നിടത്തു ചുറ്റും നടക്കാൻ 3 അടി വീതിയിൽ പടവുകൾ.നീല നിറത്തിൽ അതിൽ വെള്ളമുണ്ട്... ഇപ്പോഴത്തെ അവസ്ഥയിൽ സ്വന്തമായി ഒരു നീല കുളം ഉണ്ടാക്കണമെങ്കിൽ എത്രത്തോളം രൂപയുടെ ഫിൽറ്റർ യൂണിറ്റുകൾ സ്ഥാപിക്കേണ്ടി വരുമായിരുന്നു.. പഴയ കാല എന്ജിനീറിങ്ങിന്റെ ബാക്കിപത്രമായി ആ കുളം അവശേഷിക്കുന്നു... മല മുകളിൽ നിന്ന് ആ കുളത്തിലേക്ക് ഒരു നീരുറവ ഉണ്ട്.. എന്നിട്ടും അതിലെ ജല നിരപ്പ് ഉയരുന്നില്ല... സൂക്ഷിച്ചു നോക്കിയപ്പോൾ പടവുകളിൽ 2 ഇഞ്ച് ഉയരത്തിൽ വെള്ളം നിൽക്കുന്നു... അതേ 2 ഇഞ്ച് പൊക്കത്തിൽ വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുവാൻ വേണ്ടി ചെറിയ ദ്വാരങ്ങൾ.... ആ ഒഴുകിപ്പോവുന്ന വെള്ളം താഴെ എവിടെയോ വന്നു പതിക്കുന്നുണ്ട്.ഒരുപക്ഷേ അതാവാം വെള്ളത്തിനു നീല നിറം.. പടവുകളിൽ ചവിട്ടി നടക്കുമ്പോൾ അടിയിലെ ചളി ഇളകുന്നുണ്ട്.. എല്ലാവരും പടികളിലൂടെ നടന്നു അവിടെ വച്ചു ഒരു ഫോട്ടോ എടുത്തു... വെള്ളം മലിനമാക്കാതെ കലക്കാതെ വളരെ ശ്രദ്ധയോടെ നടന്നു.. ഒരു തരം ബഹുമാനത്തോടെ.... 

മല്യയുടെ ഡ്രൈവർമാർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു... മുകളിലെ കാട്ടിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ടു ഒരു കവാടം കൂടി ബാക്കിയുണ്ടെന്നു പറഞ്ഞു.. പക്ഷെ സമയം വല്ലാതെ അതിക്രമിച്ചിരുന്നു.ഇപ്പോൾ തിരിച്ചില്ലെങ്കിൽ നാളെ തിങ്കൾ ആർക്കും ജോലിക്ക് കയറാൻ പറ്റില്ല എന്ന സത്യം ഞങ്ങളെ വേട്ടയാടി... മനസ്സില്ലാ മനസ്സോടെ ഞങ്ങൾ ആ കോട്ടയോട് വിടപറഞ്ഞിറങ്ങി... 

വൈകിട്ട് സുധി മല്യയോട് വീണ്ടും കാണാം എന്നും പറഞ്ഞു അഗുംബെയിൽ നിന്നും മണിപ്പാലിലേക്കുള്ള ബസ്സ് പിടിച്ചു... ഒരു മണിക്കൂർ മണിപ്പാലിൽ കാത്തു നിന്നപ്പോൾ കോഴിക്കോട് KSRTC കിട്ടി. പുലർച്ചെ എപ്പോഴോ ഞങ്ങൾ കോഴിക്കോട് എത്തി...

ചില യാത്രകൾ അങ്ങനെ ആണ്.. അപൂർണമായിരിക്കും... മറ്റൊരു യാത്രക്ക് പ്രചോദനമായി.... ഇതുവരെ കാണാൻ പറ്റാത്ത ബാക്കി വച്ച അവസാന കവാടം പോലെ... 

Post a Comment

Previous Post Next Post