ഒരു പുരി യാത്ര2022 ഫെബ്രുവരി 7നു ഭുബനേശ്വരിലെ നൈസറിൽ നിന്നും സൂവും മ്യൂസിയവും ലിംഗരാജാ ക്ഷേത്രവും കാണാനായി അച്ഛനും ഞാനും ഖുർദ്ധ ബൈ പാസ്സിലേക്ക് ഓട്ടോ പിടിച്ചു. അവിടുന്ന് ബാരമുണ്ട ബസ് സ്റ്റേഷനിലേക്കുള്ള ഒരു നീണ്ട ബസ് യാത്ര. യാത്രയിൽ ഞാൻ അത്യാവശ്യം നന്നായി തന്നെ ഉറങ്ങി. ബസ് സ്റ്റേഷനിൽ ഇറങ്ങി ലിംഗരാജാ ക്ഷേത്രത്തിലേക്ക് ഓലെ ബുക്ക് ചെയ്തെങ്കിലും ഞങ്ങൾ പറയുന്ന രാഷ്ട്ര ഭാഷ ആ ഡ്രൈവർക്കും അയാൾ പറയുന്ന രാഷ്ട്രഭാഷ ഞങ്ങൾക്കും മനസിലാവാതെ ബുദ്ധിമുട്ടി.


 അടുത്ത് കണ്ട ഒരാളോട് ചോദിച്ചപ്പോൾ ലിംഗരാജായിലേക്ക് പോകുന്ന ബസ്സിന്റെ നമ്പർ കിട്ടിയെങ്കിലും അടുത്തൊന്നും ബസ് വന്നില്ല. അപ്പോൾ ദേ നിൽക്കുന്നു ഒരു പുരി ബസ്. ഞങ്ങൾ ഉടൻ യാത്ര പദ്ധതി മാറ്റി പിടിച്ചു. നേരെ പുരിയിലേക്ക് വച്ച് പിടിച്ചു. അതും വളരെ നീണ്ട ഒരു യാത്രയായിരുന്നു. ഞാൻ അപ്പോളും വളരെ നന്നായി ഉറങ്ങി. പുറത്ത് ബഹുവർണ്ണ കാഴ്ചകൾ, കടകൾ, ദാബാകൾ, പാനി പൂരി കടകൾ, പല നിറങ്ങളിലുള്ള വസ്ത്രങ്ങളും കൈകൾ നിറയെ വളകളും കഴുത്തിൽ മാലകളും ധാരാളം അണിഞ്ഞ സ്ത്രീകളും പെൺകുട്ടികളും, മനോഹരമായ കാഴ്ചകൾ, ജനാലയിലൂടെ ഇളം വെയിൽ ചേർന്ന ഒരു തെന്നൽ. പുരി ജഗന്നാഥ ക്ഷേത്രത്തിൽ എത്തി ബാഗും ചെരുപ്പും മൊബൈലും കൗണ്ടറിൽ ഏൽപ്പിച്ച ശേഷം വരി നിന്നു.

 വൻ തിരക്കായിരുന്നു. ഒരു നിരീശ്വരവാദിയായ എനിക്ക് ക്ഷേത്രത്തിൽ എന്ത് കാര്യം എന്നത് ഒരു സുപ്രധാന ചോദ്യമാണ്. എങ്കിലും പോയി. അച്ഛൻ നല്ല ഭക്തിപൂർവ്വം ആസ്വദിച്ചു പ്രാർത്ഥിച്ചു. ആ ആനന്ദത്തിന്റെ പ്രതീതി അച്ഛന്റെ കണ്ണുകളിൽ സ്ഫുരിച്ചു നിന്നു. അവിടുന്ന് ഇറങ്ങി പ്രസാദം എന്ന പേരിൽ വിൽക്കപ്പെടുന്ന മധുരപലഹാരങ്ങൾ വാങ്ങിച്ച് കുറച്ച് കയ്യിൽ കെട്ടുന്ന കാവി ചരടുകളും വാങ്ങിച്ച് അച്ഛനു ഉച്ചഭക്ഷണം കഴിക്കാൻ കയറി. ഞാൻ കുറച്ച് ബിസ്ക്കറ്റ്കൾ മാത്രം കഴിച്ചു. പിന്നീട് ചിപ്പുവിനും കുക്കുവിനും നീല നിറമുള്ള മിന്നുന്ന മാലകൾ വാങ്ങിച്ച് വഴി ചോദിച്ച് ചോദിച്ച് പുരി കടൽത്തീരത്തിലേക്ക് നടന്നു.  കുറച്ചു നേരം ഇരുന്നിട്ട് ഓരോ ചായ കുടിച്ചു. പിന്നീട് കടൽ വെള്ളത്തിൽ ഇറങ്ങി കളിച്ചു. 

എന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദം. പക്ഷേ എന്തുകൊണ്ടോ ഞാൻ അല്പം ഛർദ്ദിച്ചു. പിന്നീട് അത് ശരിയായി. അവിടുന്ന് ഒരു സുഹൃത്തിന്റെ നിർദേശപ്രകാരം ഓട്ടോ പിടിച്ചു അദരനാല പാലം കാണാൻ പോയി. അവിടെ കുറച്ച് നടന്നു, ഒരു വലിയ പ്രതിമ ഉണ്ടായിരുന്നു, കുറെ വെളിച്ചം മിന്നുന്ന ആർഭാട വിളക്കുകളും. അവിടുന്ന് കുറെ ഫോട്ടോകൾ എടുത്തു. പിന്നീട് ഓട്ടോ പിടിച്ച് തീവണ്ടിയാപ്പീസിലേക്ക്. കാത്തിരിപ്പിനൊടുവിൽ എത്തിയ തീവണ്ടിയിൽ കയറിയിരുന്നു. നല്ല കുളിർ കാറ്റ് വീശുന്നുണ്ടായിരുന്നു. 

ഞാൻ മുകളിലെ ബെർത്തിൽ കയറി കിടന്നു കാതിൽ ഹെഡ് സെറ്റും കുത്തി പാട്ട് കേട്ട് ഇറങ്ങാറാവുവോളം ഒറ്റ ഉറക്കം. സ്റ്റേഷൻ ഇറങ്ങി ഓട്ടോ പിടിച്ചു ക്യാമ്പസ്സിലേക്ക്. അവിടുന്ന് ഗേറ്റ് മുതൽ റൂം വരെ നടന്നു. നല്ല യാത്രാക്ഷീണം കൊണ്ട് പെട്ടന്ന് തന്നെ ഭക്ഷണം കഴിച്ചുറങ്ങി. ഇത് എന്നെന്നും ഓർമ്മകളുടെ അറകളിൽ തങ്ങി നിൽക്കുന്ന ഒരു മനോഹരമായ യാത്രാനുഭവമായിരുന്നു.Post a Comment

Previous Post Next Post